താനെ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 28കാരന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രത്യേക പോക്സോ കോടതി ജഡ്ജി ഡി.എസ് ദേശ്മുഖിന്‍റേതാണ് വിധി. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി. കൂടുതൽ നഷ്ടപരിഹാരത്തിനായി കേസ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
വാഗ്ബിൽ സ്വദേശിയാണ് പ്രതി. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. 11കാരനായ കുട്ടി ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ഡിസംബർ 24ന് രാത്രി തനിയെ വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിലെത്തിയ കുട്ടി സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് വീട്ടുകാരെ അറിയിച്ചതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷത്തിൽ പിന്നീട് പ്രതിയെ പിടികൂടി.
കുട്ടി, കുട്ടിയുടെ അമ്മ എന്നിവരുൾപ്പെടെ എട്ട് ദൃക്സാക്ഷികളെയാണ് കേസിനായി വിസ്തരിച്ചത്. കുട്ടിയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തിയ രക്തം പ്രതിയുടേതുമായി ചേരുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.