ക്രിക്കറ്റ് ആരാധകരുടെ പലതരത്തിലുള്ള ചെയ്തികളും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് - റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ മത്സരത്തിനിടെ ആർ.സി.ബി ജയിക്കാതെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ പെൺകുട്ടി മുതൽ നിരവധി പേരാണ് ഓരോ തവണയും ക്രിക്കറ്റ് മത്സരങ്ങളുടെ സമയത്ത് വൈറലകാറുള്ളത്. ഇത്തരത്തിൽ വെറൈറ്റിയായ ഒരു നുഴഞ്ഞുകയറ്റത്തിലൂടെ എത്തിയ യുവാവാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത്.
കക്ഷി നുഴഞ്ഞുകയറിയത് ബംഗ്ലാദേശിൽ നിന്നാണ്. എന്തിനാണെന്നാണ് ചോദ്യമെങ്കിൽ ഉത്തരം രസകരമാണ്. ഐ.പി.എൽ കാണാൻ! ബംഗ്ലാദേശി യുവാവായ എം.ഡി ഇബ്രാഹിം ആണ് ക്രിക്കറ്റ് കാണാൻ അതിർത്തി കടന്നെത്തിയത്.
ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തു നിന്നാണ് അതിർത്തി സുരക്ഷ സേന യുവാവിനെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ താൻ കടുത്ത ക്രിക്കറ്റ് ആരാധകനാണെന്നും ഐ.പി.എൽ മത്സരങ്ങൾ കാണാൻ മുംബൈയിലേക്ക് പോകുകയാണെന്നുമായിരുന്നു ഇബ്രാഹിമിന്‍റെ മറുപടി. അതിർത്തി കടക്കാൻ 4,500 രൂപയോളം ബ്രോക്കർക്ക് കൈമാറിയതായും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബംഗ്ലാദേശ് ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർക്ക് കൈമാറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.