മംഗളൂരു: "മുസ്‌ലിം ആയ നീയും ഹിന്ദു യുവതിയും തമ്മിൽ എന്ത്?" ചോദ്യവുമായി മംഗളൂരുവിൽ മാധ്യമ പ്രവർത്തകന് നേരേയും സദാചാര ഗുണ്ടായിസം. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടെകരുവിലെ സി. ചേതന്‍ (37), യെയ്യാദിയിലെ കെ. നവീന്‍ (43) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരുവിലെ വെബ് പത്രം റിപ്പോര്‍ട്ടര്‍ അഭിജിത്ത് ആണ് അക്രമത്തിന് ഇരയായത്. സൂഹൃത്തിനൊപ്പം മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസ്റ്റോറന്റില്‍ കയറിയതായിരുന്നു അഭിജിത്ത്. ഉടൻ തന്നെ രണ്ടുപേർ "മുസ്‌ലിമായ നിനക്ക് ഹിന്ദു യുവതിയുമായി എന്താ ഇടപാട്?" എന്ന് ആക്രോശിച്ച് അക്രമിച്ചുവെന്ന് അഭിജിത്ത് കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിനൊപ്പം പ്രവർത്തിക്കുന്ന പൊലീസ് ഓഫിസറേയും ഭാര്യയേയും വെള്ളിയാഴ്ച രാത്രി സദാചാര ഗുണ്ടകൾ മതം ചോദിച്ച് അക്രമിച്ചിരുന്നു. ബണ്ട്വാള്‍ ഡിവൈ.എസ്.പി ഓഫിസിലെ ഇൻസ്പെക്ടർ കുമാര്‍ ഹനുമന്തപ്പയും ഭാര്യയുമാണ് അക്രമത്തിന് ഇരയായത്. ആ സംഭവത്തിൽ മംഗളൂരു തുംബേ സ്വദേശികളായ എം.മനീഷ് പൂജാരി (29), കെ.എം. മഞ്ചുനാഥ് ആചാര്യ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രവീണ്‍ നെട്ടറു കൊപാതക കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘത്തിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുകയാണ് ഇൻസ്പെക്ടർ കുമാര്‍ ഹനുമന്തപ്പ. ജോലി സൗകര്യാർത്ഥം അദ്ദേഹവും കുടുംബവും മംഗളൂരു ബണ്ട്വാൾ ബി.സി. റോഡിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. സംഭവ ദിവസം രാത്രി ഭാര്യക്കും സഹോദരിക്കും ഒപ്പം ബി.സി. റോഡിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് നടന്നാണ് പോയത്. വഴിമധ്യേ വൈൻ ഷാപ്പിന് മുന്നിൽ നിന്ന രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. ഭാര്യയേയും സഹോദരിയേയും താമസ സ്ഥലത്ത് വിട്ട ശേഷം കേസ് അന്വേഷണ ഭാഗമായി പുറത്തേക്ക് വന്ന പൊലീസ് ഓഫിസറെ നേരത്തെ ബൈക്കിൽ പിന്തുടർന്ന യുവാക്കൾ തടഞ്ഞു. 'നീ ബ്യാരി മുസ്‌ലിം അല്ലേ, ഹിന്ദു സ്ത്രീകളെ എങ്ങോട്ടാണ് കൊണ്ടുപോയത്?' എന്ന് ആക്രോശിച്ചു. ബഹളം കേട്ട് പുറത്തു വന്ന ഭാര്യയുടെ ഫോട്ടോകൾ എടുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തു. പേരും പൊലീസ് ഓഫിസർ ആണെന്നും പറഞ്ഞപ്പോൾ ഗൗനിക്കാതെ അക്രമിക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.