ന്യൂഡൽഹി: മണിപ്പൂർ കലാപ വിഷയത്തിൽ മോദി സർക്കാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ ഇൻഡ്യ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുക 12 മണിക്കൂർ. സമയക്രമം പ്രകാരം പ്രമേയത്തിന്മേൽ സംസാരിക്കാൻ ഭരണകക്ഷിയായ ബി.ജെ.പിക്ക് ആറു മണിക്കൂർ 41 മിനിട്ടാണ് അനുവദിച്ചിട്ടുള്ളത്.
മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ഒരു മണിക്കൂർ 15 മിനിട്ടും സമയം ലഭിച്ചു. വൈ.എസ്.ആർ.സി.പി, ശിവസേന, ജെ.ഡി.യു, ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ്, എൽ.ജെ.പി എന്നീ പാർട്ടികളുടെ പ്രതിനിധികൾക്ക് മൊത്തം രണ്ട് മണിക്കൂർ ആണ് അനുവദിച്ചിട്ടുള്ളത്. അതാത് പാർട്ടികളുടെ എം.പിമാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഈ സമയം വിഭജിച്ച് നൽകും.
മറ്റ് പാർട്ടികൾക്കും സ്വതന്ത്ര എം.പിമാർക്കും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാൻ ഒരു മണിക്കൂർ 10 മിനിട്ടാണുള്ളത്. ഇന്നും നാളെയുമായി നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റെന്നാൾ മറുപടി നൽകുമെന്നാണ് കരുതുന്നത്.
കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയായിരിക്കും കേന്ദ്ര സർക്കാറിന് കടന്നാക്രമിച്ച് അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചക്ക് തുടക്കം കുറിക്കുന്നത്. കോൺഗ്രസിൽ നിന്ന് 16 അംഗങ്ങളാണ് സംസാരിക്കാൻ നോട്ടീസ് നൽകിയിട്ടുള്ളത്. രാഹുലിന്‍റെ പ്രസംഗത്തിന് ശേഷം ബാക്കിയുള്ള സമയം പാർട്ടിയിലെ മറ്റുള്ളവർക്ക് സംസാരിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.