മണിപ്പൂരിൽ മരണസംഖ്യ ഉയരുന്നു; ഔദ്യോഗിക കണക്കുകളിൽ 54- കടുത്ത നിയ​ന്ത്രണവുമായി സൈന്യം

പട്ടിക വർഗ പദവിയെ ചൊല്ലി സംഘട്ടനം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചത് 54 പേരെന്ന് സർക്കാർ പറയുമ്പോൾ എത്രയോ അധികം പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച കടകളും തെരുവുകളും തുറക്കുകയും ഗതാഗതം പുനരാരംഭിക്കുകയും ചെയ്തെങ്കിലും ആശങ്ക നീങ്ങിയിട്ടില്ല. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ സൈനിക സാന്നിധ്യം ശക്തമായി തുടരുകയാണ്. സേനക്കു പുറമെ ​​​ദ്രുതകർമ സേന, കേന്ദ്ര ​പൊലീസ് സേനകൾ എന്നിവരും സംഘർഷ മേഖലകളിൽ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്ച രാവി​ലെയോടെ തലസ്ഥാന നഗരമായ ഇംഫാലിൽ കടകൾ തുറന്നിട്ടുണ്ട്. അവശ്യ വസ്തുക്കൾ വാങ്ങാൻ സൗകര്യമൊരുക്കിയാണ് കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെ കടകൾ തുറന്നത്.

54 പേർ മരിച്ചതിൽ 16 പേരുടെ മൃതദേഹം ചുരാചാന്ദ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലും 15 എണ്ണം ഇംഫാൽ ഈസ്റ്റ് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മോർച്ചറിയിലുമാണ്. ഇംഫാൽ വെസ്റ്റിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 23 പേരുടെ മരണം സ്ഥിരീകരിച്ചു. അതിനിടെ, മ​ലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ച് തീവ്രവാദികളും രണ്ട് ഇന്ത്യ റിസർവ് ബറ്റാലിയൻ ജവാന്മാരും ചുരാചന്ദ്പൂരിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

സംഘർഷത്തെ തുടർന്ന് 13,000​ പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചുരാചന്ദ്പൂർ, മോറെഹ്, കാക്ചിങ്, കാങ്പോക്ചി ജില്ലകളിലാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ തുറന്നത്. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ ഇപ്പോഴും നേരിയ തോതിൽ സംഘർഷം നിലനിൽക്കുന്നുണ്ടെന്നും എന്നാൽ, നിയന്ത്രണ​വിധേയമാണെന്നും സൈനിക പ്രതിനിധി അറിയിച്ചു.

രണ്ട് ഗോത്രവർഗ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘട്ടനണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. 100ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതുപക്ഷേ, സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. സൈന്യത്തിലെയും അസം റൈഫിൾസിലെയും 10,000 ഓളം പേരാണ് പ്രദേശത്ത് വിന്യസിക്കപ്പെട്ടത്. വെള്ളിയാഴ്ച മാത്രം 1000 ഓളം കേന്ദ്ര അർധ സൈനികരും എത്തി. മണിപ്പൂരിലേക്കുള്ള ട്രെയിനുകൾ സർവീസ് നിർത്തിവെച്ചിട്ടുണ്ട്.

സംസ്ഥാന ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്റ്റീ വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂനിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) ബുധനാഴ്ച നടത്തിയ ട്രൈബൽ സോളിഡാരിറ്റി മാർച്ചിനോടനുബന്ധിച്ച് ചുരാചാന്ദ്പൂരിലെ ടോർബങ്ങിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇവർക്ക് പട്ടിക പദവി നൽകുന്ന വിഷയത്തിൽ നാലാഴ്ചക്കകം കേന്ദ്രത്തിന് നിർദേശം അയക്കാൻ മണിപ്പൂർ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുകിയുൾപ്പെടെ ഗോത്രവർഗങ്ങളുടെ സംഘടനയാണ് മാർച്ച് നടത്തിയത്. മാർച്ചിനിടെ മെയ്റ്റികൾക്കു നേരെ ആക്രമണമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് മെയ്റ്റികളും ഇറങ്ങിയതോടെയാണ് ഇംഫാലും പരിസരങ്ങളും കലാപത്തീയിൽ മുങ്ങിയത്.

സംസ്ഥാനത്ത് ജനസംഖ്യയുടെ 53 ശതമാനവും മെയ്റ്റികളാണ്. ഇവരിലേറെയും ഇംഫാൽ താഴ്വരയിൽ വസിക്കുന്നവരും. എന്നാൽ, നാഗകളും കുകികളുമടങ്ങുന്ന ഗോത്രവർഗങ്ങൾ 40 ശതമാനവും വരും. താഴ്വരക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഇവരുടെ താമസം. ഇവരുടെ ആരാധന കേന്ദ്രങ്ങളും വാഹനങ്ങളുമടക്കം വ്യാപകമായി അഗ്നിക്കിരയായി.

ഭൂരിപക്ഷമായ മെയ്റ്റികൾക്ക് ബി.ജെ.പി സർക്കാർ പിന്തുണ നൽകുന്നുവെന്ന് കുകികൾ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ കുകികൾ ഏറെയായി പ്രക്ഷോഭ മുഖത്താണ്. ഇതാണ് മേയ് മൂന്നിന് കൂടുതൽ ശക്തിയോടെ പടർന്നുപിടിച്ചത്. ‘സംസ്ഥാനത്തെ ക്രിസ്റ്റുമത വിശ്വാസികൾ ആക്രമിക്കപ്പെടുകയാണെന്ന് ബംഗളൂരു ആർച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കുറ്റപ്പെടുത്തി. ‘‘വടക്കുകിഴക്കൻ മേഖലയിൽ ശാന്തമായ സംസ്ഥാനമായ മണിപ്പൂരിൽ ക്രിസ്ത്യാനികൾ പീഡനത്തിനും ആക്രമണത്തിനും ഇരയാകുകയാണ്. ഇവിടെ ജനസംഖ്യയുടെ 41 ശതമാനമാണ് ക്രിസ്ത്യൻ ജനസംഖ്യ’’- ആർച്ച് ബിഷപ്പ് പറഞ്ഞു. 

Tags:    
News Summary - Manipur: 54 Dead. Army Brings Violence-Hit Areas Under "Firm Control"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.