ഇംഫാൽ: ആഭ്യന്തരകലാപം പൂർണമായി കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരിൽ വീട്ടിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ സൈനികോദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെ.സി.ഒ.) കൊൻസം ഖേദ സിങ്ങിനെയാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. പൊലീസും സൈന്യവും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറരയോടെ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
ചരംഗ്പത് മാമാങ് ലെയ്കായിലായിരുന്നു സംഭവം. കുടുംബത്തിന് മുമ്പും ഭീഷണികളുണ്ടായിട്ടുണ്ടെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും അധികൃതർ അറിയിച്ചു. ആറുമാസത്തിനിടെ സൈനികർക്ക് നേരെ ഉണ്ടാകുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്. കഴിഞ്ഞ സെപ്തംബറിൽ അസം റെജിമെൻറ് മുൻ സൈനികൻ സെർട്ടോ താങ്‌താങ് കോമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
നവംബറിൽ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഒരു സൈനികന്റെ നാല് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ഹെൻതിംഗ് ഹാക്കിപ്പിന്റെ കുടുംബാംഗങ്ങളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ മണിപ്പൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടിനെ (എഎസ്പി) ഇംഫാലിലെ വീട്ടിൽ കയറി ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
2023 മേയിൽ തുടങ്ങിയ മണിപ്പൂരിലെ വംശീയ കലാപത്തിൽ 200 പേർ കൊല്ലപ്പെടുകയും 50,000ത്തോളം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.