മണിപ്പൂരിൽ അവിശ്വാസത്തിന് കോൺഗ്രസ് നീക്കം

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പാർട്ടി വിട്ടതോടെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കവുമായി കോൺഗ്രസ്. മൂന്ന് എം.എല്‍.എമാര്‍ രാജി വെച്ച് കോൺഗ്രസിൽ ചേരുകയും സഖ്യകക്ഷി പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് ഉടന്‍ ഗവര്‍ണറെ കണ്ട് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടും. നിയമസഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് കോൺഗ്രസിന്‍റെ നീക്കം. 

അറുപതംഗ നിയമസഭയിൽ നിലവിൽ ആകെ 59 പേരാണ് ഉള്ളത്. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കോൺഗ്രസ് ഇന്ന് ഗവർണറെ രേഖാമൂലം അറിയിക്കും. സർക്കാർ രൂപീകരണത്തിനുള്ള അവകാശവും ഉന്നയിക്കും.

അതേസമയം, ബീരേൻ സിങിന്‍റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസിനെ പിളർത്താനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചതായാണ് സൂചന.

എസ് സുഭാഷ് ചന്ദ്ര സിങ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്‍റായി എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഖ്യകക്ഷിയായ എന്‍.പി.പിയുടെ മന്ത്രിമാരായ വൈ ജോയ്കുമാര്‍ സിങ്, എന്‍.കയിസ്, എല്‍.ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവര്‍ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു. ഇതോടെയാണ് ബി.ജെ.പി സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്.

2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 28 എം.എൽ.എമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ, 21 എം.എൽ.എമാരുമായി രണ്ടാമതെത്തിയ ബി.ജെ.പി പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. 

Tags:    
News Summary - Manipur Assembly crisis- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.