ഇംഫാൽ: മണിപ്പൂരിൽ 200ലേറെ പേർ മരിച്ച വംശഹത്യക്ക് കാരണമായതെന്ന് കരുതുന്ന വിധി തിരുത്തി മണിപ്പൂർ ഹൈകോടതി. മെയ്തെയ് സമുദായത്തെ പട്ടികവർഗ പട്ടികയിലുൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന കഴിഞ്ഞവർഷം മാർച്ച് 27ലെ വിധിയിലെ ഖണ്ഡികയാണ് റദ്ദാക്കിയത്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായ ഈ വിധിക്കെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. പുനഃപരിശോധനാ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഗോൾമി ഗൈഫുൽഷില്ലു വിവാദവിധി റദ്ദാക്കിയത്.
പട്ടികവർഗ വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഴയവിധി ഇല്ലാതാക്കിയത്. കേന്ദ്ര പട്ടികവർഗ മന്ത്രാലയത്തിന്റെ 2013-14 റിപ്പോർട്ടിലെ ഭരണഘടനാ പ്രോട്ടോകോൾ പരാമർശിച്ച്, സുപ്രീംകോടതിയുടെ വ്യാഖ്യാനവുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകത കോടതി എടുത്തുപറഞ്ഞു.
പട്ടികവർഗ വിഭാഗത്തിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുമ്പോൾ കോടതികൾ തങ്ങളുടെ അധികാരപരിധി മറികടക്കരുതെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ വിവാദ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.
ഹൈകോടതി ഉത്തരവ് തീർത്തും തെറ്റാണെന്നും എന്നാൽ, മണിപ്പൂർ ഹൈകോടതിയിലെ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹരജിയുള്ളതിനാൽ ഇടപെടുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്റെ അഭിപ്രായം.
മണിപ്പൂർ ഹൈകോടതിയുടെ ചുമതലയുണ്ടായിരുന്ന ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് എം.വി. മുരളീധരനായിരുന്നു കഴിഞ്ഞവർഷം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.