മണിപ്പൂരിൽ പൊലീസ് സ്‌റ്റേഷനിലെ ആയുധങ്ങൾ ജനക്കൂട്ടം കൊള്ളയടിച്ചു

ഇംഫാൽ: രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ മണിപ്പൂരിലെ ഉഖ്‌റുൾ പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചു. എകെ 47, ഇൻസാസ് റൈഫിളുകൾ എന്നിവയടക്കമാണ് എടുത്തുകൊണ്ടുപോയത്. ഗാന്ധി ജയന്തി ദിനത്തിൽ 'സ്വച്ഛത അഭിയാന്റെ’ ഭാഗമായി പട്ടണത്തിലെ തർക്കഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി ബുധനാഴ്ച നാഗാ സമുദായത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മണിപ്പൂർ റൈഫിൾസിലെ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഘർഷത്തിനിടെയാണ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. കൊള്ളയടിച്ച ആയുധങ്ങളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

കുക്കി-മെയ്തേയി വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നേരത്തേയും ആയുധങ്ങൾ കൊള്ളയടിച്ചിരുന്നു. നാഗാ ഭൂരിപക്ഷ പ്രദേശത്ത് ഇതാദ്യമായാണ് പൊലീസ് സ്‌റ്റേഷന് നേരെയുള്ള ആക്രമണം. അസം റൈഫിൾസ് ക്യാമ്പിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് ഉഖ്‌റുൾ പൊലീസ് സ്റ്റേഷൻ. ബുധനാഴ്ച സംഘർഷത്തിൽ ഗുരുതര പരിക്കേറ്റവരിൽ പത്തുപേർ ഇംഫാലിലെ ആശുപത്രിയിലും മറ്റുള്ളവരെ ഉഖ്‌റുൾ ജില്ല ആശുപത്രിയിലും ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

കുക്കികൾ തട്ടിക്കൊണ്ടുപോയ മെയ്തേയി യുവാക്കളെ വിട്ടയച്ചു

ഇംഫാൽ: ആയുധധാരികളായ കുക്കികൾ തട്ടിക്കൊണ്ടുപോയ രണ്ട് മെയ്തേയി യുവാക്കളെ ഒരാഴ്ചക്ക് ശേഷം സുരക്ഷിതരായി വിട്ടയച്ചു. ഒയ്നാം തോയ്ത്തോയ് സിങ്, തോയ്ത്തോയ്ബ സിങ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ കാങ്പോക്പി ജില്ല പൊലീസ് സുപ്രണ്ടിന് കൈമാറിയത്. പൊലീസിന്റെയും അസം റൈഫിൾസ് സംഘത്തിന്റെയും അകമ്പടിയിൽ ഇരുവരെയും ഇംഫാലിലെത്തിച്ചു. പിന്നീട് യുവാക്കളെ കുടുംബങ്ങൾക്കൊപ്പം വിട്ടയച്ചു. സെപ്റ്റംബർ 27ന് സ്റ്റാഫ് സെലക്ഷൻ കമീഷൻ റിക്രൂട്ട്മെന്റിന് പോയ ജോൺസൺ സിങ് എന്ന യുവാവിനൊപ്പമായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. എന്നാൽ, വഴിതെറ്റി കുക്കികൾക്ക് മേധാവിത്വമുള്ള സ്ഥലത്ത് എത്തിയ ഇവരെ സായുധ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോൺസനെ സൈന്യം രക്ഷിച്ചു. ഇരുവരുടെയും ജീവന് ഭീഷണിയില്ലാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിരവധി തവണ ചർച്ച നടത്തിയിരുന്നു.

ഡി.ജി.പി രണ്ടുതവണ കാങ്പോക്പി ജില്ലയിലെത്തിയിരുന്നു. അതേസമയം, ഇംഫാലിന് സമീപമുള്ള സജിവ ജയിലിൽ നിന്ന് കുക്കി വിഭാഗത്തിൽപ്പെട്ട 11 വിചാരണ തടവുകാരെ വിട്ടയച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് രണ്ട് മെയ്തേയി യുവാക്കൾക്ക് മോചനമായത്. ഇവരെ വിട്ടയക്കണമെന്ന് കുക്കികൾ ആവശ്യപ്പെട്ടിരുന്നു. 11 പേർക്കും ഒരു മാസം മുമ്പ് ജാമ്യം കിട്ടിയിരുന്നെങ്കിലും ആവശ്യമായ അകമ്പടി സൗകര്യമില്ലാത്തതിനാൽ മോചനം വൈകുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.

Tags:    
News Summary - Manipur: Mob storms police station, loots arms during violence in Ukhrul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.