ഇംഫാൽ: മണിപ്പുരിൽ കലാപത്തിൽപ്പെട്ടവർക്കായി ഹെൽപ് ലൈൻ സംവിധാനവുമായി ബംഗാൾ സർക്കാർ. കലാപത്തിൽപ്പെട്ടവരെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.
നാഗാലാൻഡ്, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി നാഗാലാൻഡ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച മാത്രം 1000ഓളം കേന്ദ്ര അർധ സൈനിക സേനാംഗങ്ങൾ സംസ്ഥാനത്തെത്തി. നിലവിൽ 10,000 ആർമി, പാര മിലിറ്ററി, സെൻട്രൽ പൊലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.
രണ്ട് ഗോത്രവർഗ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘട്ടനങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 100ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് 13,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി ആരാധനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി.
സംസ്ഥാന ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂനിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) ബുധനാഴ്ച നടത്തിയ ട്രൈബൽ സോളിഡാരിറ്റി മാർച്ചിനോട് അനുബന്ധിച്ച് ചുരാചാന്ദ്പൂരിലെ ടോർബങ്ങിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഇവർക്ക് പട്ടിക വർഗ പദവി നൽകുന്ന വിഷയത്തിൽ നാലാഴ്ചക്കകം കേന്ദ്രത്തിന് നിർദേശം അയക്കാൻ മണിപ്പൂർ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുകി ഉൾപ്പെടെ ഗോത്രവർഗങ്ങളുടെ സംഘടന മാർച്ച് നടത്തി. മാർച്ചിനിടെ മെയ്തികൾക്കു നേരെ ആക്രമണമുണ്ടായി. ഇതിൽ പ്രതിഷേധവുമായി മെയ്തികളും ഇറങ്ങിയതോടെ ഇംഫാലും പരിസരങ്ങളും കലാപത്തീയിൽ മുങ്ങി.
ഇംഫാൽ താഴ്വരക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന മെയ്തികൾ സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരും. അതേസമയം, നാഗകളും കുകികളുമടങ്ങുന്ന ഗോത്രവർഗങ്ങൾ 40 ശതമാനമാണ്. ഭൂരിപക്ഷമായ മെയ്തികൾക്ക് ബി.ജെ.പി സർക്കാർ പിന്തുണ നൽകുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കുകികൾ കുറേനാളായി പ്രക്ഷോഭത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.