ഇംഫാൽ: രാജ്ഭവൻ മാർച്ചിനിടെ വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയതിന് പിന്നാലെ മണിപ്പൂർ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി. അസം ഗവർണറായ അദ്ദേഹം മണിപ്പൂരിന്റെ അധിക ചുമതലയാണ് വഹിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അദ്ദേഹം അസമിലേക്ക് പോയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂർ സർവകലാശാല ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റിവെച്ചു.
ചൊവ്വാഴ്ച രാജ്ഭവനിലേക്ക് നടന്ന വിദ്യാർഥി മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 55 പേർക്ക് പരിക്കേറ്റിരുന്നു. രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ഡി.ജി.പി, സർക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെ മാറ്റണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. സംഘർഷത്തിന് പിന്നാലെ ചൊവ്വാഴ്ച രാത്രി ഗവർണർ 11 വിദ്യാർഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ച ഇംഫാൽ താഴ്വരയിൽ പുതിയ പ്രതിഷേധങ്ങളോ സംഘർഷങ്ങളോ റിപ്പോർട്ട് ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു. നിശാനിയമം പ്രഖ്യാപിച്ചതിനുപുറമേ, ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി അധിക സൈനികരെ നിയോഗിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങൾക്കു സമീപം പൊലീസ് ബാരിക്കേഡുകൾ ഉയർത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.