ഇംഫാൽ: മണിപ്പൂരിലെ കലാപമേഖലകളിൽ നിന്നും ഇതുവരെ 23,000ഓളം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. പ്രധാന സംഘർഷമേഖലയായ ചുരാചന്ദ്പൂർ ജില്ലയിൽ ക്രമസമാധാനനില മെച്ചപ്പെട്ടതായാണ് വിലയിരുത്തൽ. ഞായറാഴ്ച രാവിലെ ഏഴ് മുതൽ മൂന്ന് മണിക്കൂർ കർഫ്യൂവിൽ ഇളവനുവദിച്ചിരുന്നു. അവശ്യസാധനങ്ങളും മരുന്നുകളും മറ്റും വാങ്ങാനായി ജനങ്ങൾ പുറത്തിറങ്ങിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.
കലാപത്തിൽ 54 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. പൊലീസും പാരാമിലിട്ടറി സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ചർച്ചചെയ്ത് സ്ഥിതി വിലയിരുത്തി. വിവിധ സർവകലാശാലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. അതേസമയം, സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നടക്കേണ്ട നീറ്റ് പരീക്ഷ മാറ്റിവെച്ചു.
സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ കലാപ ഭൂമിയാക്കി മാറ്റിയത്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്രവിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ ഗോത്രവിഭാഗങ്ങൾ നടത്തിയ മാർച്ചും, അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകേണ്ട സാഹചര്യത്തിലേക്ക് വരെ അക്രമം വളർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.