ഇംഫാൽ: കലാപം രൂക്ഷമായ മണിപ്പൂരിൽ പ്രതിഷേധക്കാർ ബി.ജെ.പി എംഎൽഎയെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി. സാരമായി പരിക്കേറ്റ വുങ്‌സാഗിൻ വാൽട്ടെ എംഎൽഎയെ മണിപ്പൂരിൽ നിന്ന് വിമാനമാർഗം രക്ഷപ്പെടുത്തി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചതായി മണിപ്പൂർ ഡി.ജി.പി പി. ഡൂംഗൽ പറഞ്ഞു.
“വുങ്‌സാഗിൻ വാൽട്ടെയെ വിമാനമാർഗം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. ആരെങ്കിലും നിയമലംഘനം നടത്തിയാൽ അവരെ വെറുതെ വിടരുതെന്ന് ഞങ്ങൾക്ക് കർശന ഉത്തരവ് ലഭിച്ചിട്ടുണ്ട്’ -ഡി.ജി.പി പറഞ്ഞു.
അതിനിടെ, ഇംഫാലിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ ഔദ്യോഗിക വസതിയിൽ നിന്ന് മെയ്തേയ് അക്രമികൾ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയതായി ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) അസോസിയേഷൻ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായ ലെറ്റ്മിൻതാങ് ഹാക്കിപ്പ് ആണ് കൊല്ലപ്പെട്ടത്.
‘ഇംഫാലിലെ തന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ നിന്നാണ് അദ്ദേഹത്തെ വലിച്ചിഴച്ച് തല്ലിക്കൊന്നത്. ഡ്യൂട്ടിക്കിടെ നിരപരാധിയായ ഒരു പൊതുപ്രവർത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ ഒരു പ്രത്യയശാസ്ത്രത്തിനും കഴിയില്ല" -ഐആർഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച പകൽ കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇംഫാൽ താഴ്വരയിലും സമീപങ്ങളിലും ഭീതിയുടെ അന്തരീക്ഷം തുടരുകയാണ്. താഴ്വരയുടെ ചുറ്റുമുള്ള പർവത ജില്ലകളിൽനിന്ന് സായുധ സംഘങ്ങളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന ആശങ്കയേറ്റി വെടിയൊച്ചകൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതേസമയം, മരണം നടന്നതായി വിവരമില്ല. രണ്ടുദിവസമായി തുടരുന്ന അക്രമം നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷാ സേനയെ എത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിന്ന് ഇതിനകം 13,000 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. അക്രമം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടിയെന്ന നിലയിൽ മണിപ്പൂർ സർക്കാർ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നു.
ഗോത്ര സമൂഹങ്ങളായ നാഗ, കുക്കികളും ഭൂരിപക്ഷമായ മെയ്തേയി സമുദായവും തമ്മിൽ ബുധനാഴ്ച മുതൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾ അടിച്ചമർത്താൻ കരസേനയുടെയും അസം റൈഫിൾസിന്റെയുമായി 10,000 ഓളം സൈനികരെയാണ് വിന്യസിച്ചത്. മണിപ്പൂരിലേക്കുള്ള ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംഗോളിൽനിന്ന് കരസേനയുടെ സിഖ് റെജിമെന്റിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അസമിലെ രണ്ടു വ്യോമകേന്ദ്രങ്ങളിൽനിന്ന് ഇ.17 ഗ്ലോബ്മാസ്റ്റർ, എ.എൻ 32 വിമാനങ്ങളിലായി സേനാംഗങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചുവരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്രസമൂഹങ്ങൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനു പിന്നാലെ ബുധനാഴ്ചയാണ് സംസ്ഥാനത്ത് അക്രമവും കൊള്ളിവെപ്പും അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.