ഇംഫാൽ: മണിപ്പൂരിൽ കലാപകാരികളെ വെടിവെക്കാൻ ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ നിർദേശം അനുസരിച്ചാണ് ഗവർണറുടെ ഉത്തരവ്. ഗുരുതരമായ സാഹചര്യങ്ങളിൽ വെടിവെപ്പ് നടത്താമെന്നാണ് ഉത്തരവ്.
ജില്ലാ മജിസ്ട്രേറ്റുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, സ്പെഷ്യൽഎക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവർക്കാണ് നിർദേശം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാതെ അക്രമം തുടരുന്ന സാഹചര്യത്തിൽ വെടിവെക്കാനാണ് ഉത്തരവ്.
മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ വൻ സംഘർഷം. പട്ടിക വർഗ പദവി നൽകുന്നത് സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി ഇംഫാൽ, ചുരാചന്ദ്പുർ, കാങ്പോക്പി മേഖലകളിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിലെ എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.
മണിപ്പൂരിൽ സംഘർഷം നടന്ന മേഖകളിൽ സൈന്യം ഇന്ന് റൂട്ട്മാർച്ച് നടത്തി. സംഘർഷം നിയന്ത്രിക്കാനായി നിയോഗിച്ച സൈന്യവും അസം റൈഫിൾസുമാണ് ഫ്ലാഗ് മാർച്ച് നടത്തിയത്.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് അഭയാർഥികളായ 4000 ഓളം പേർക്ക് സൈനിക ക്യാമ്പുകളിൽ താവളമൊരുക്കിയിരിക്കുകയാണ്.ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി വേണമെന്ന് ആവശ്യത്തിനെതിരെയാണ് ആദിവാസി വിഭാഗം പ്രതിഷേധിച്ചത്. മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയന്റെ ആഭിമുഖ്യത്തിൽ (എ.ടി.എസ്.യു.എം) കഴിഞ്ഞ ദിവസം കൂറ്റൻ പ്രതിഷേധറാലി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.