ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ കോവിഡ് പി.പി.ഇ കിറ്റില്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി എ.എ.പി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. 2020ൽ ഇന്ത്യ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ ഭാര്യയുടെയും മകന്റെയും ബിസിനസ് പങ്കാളികളുടെ കമ്പനികൾക്ക് പി.പി.ഇ കിറ്റ് കരാര്‍ അന്നത്തെ ആരോഗ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ നല്‍കിയെന്നാണ് ആരോപണം.
പി.പി.ഇ കിറ്റിന് വിപണി വിലയേക്കാള്‍ ഉയര്‍ന്നവില നല്‍കിയെന്നും മനീഷ് സിസോദിയ ആരോപിച്ചു. അസം സർക്കാർ മറ്റ് കമ്പനികളിൽനിന്ന് 600 രൂപക്ക് പി.പി.ഇ കിറ്റുകൾ വാങ്ങിയപ്പോൾ, കോവിഡ് മുതലെടുത്ത് ശർമ തന്റെ ഭാര്യയുടെയും മകന്റെയും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങൾക്ക് 990 രൂപക്കാണ് അടിയന്തര സപ്ലൈ ഓർഡറുകൾ നൽകിയതെന്ന് സിസോദിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പി.പി.ഇ കിറ്റുകൾ നൽകാൻ കഴിയാത്തതിനാൽ ശർമയുടെ ഭാര്യയുടെ കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കിയപ്പോൾ, ഒരു കിറ്റിന് 1680 രൂപ നിരക്കിൽ മകന്റെ ബിസിനസ് പങ്കാളികളുടെ സ്ഥാപനത്തിന് മറ്റൊരു സപ്ലൈ ഓർഡർ നൽകിയതായും മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് സിസോദിയ പറഞ്ഞു. രണ്ട് ദിവസം മുമ്പ് രണ്ട് വെബ്സൈറ്റുകൾ ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണക്കേസിൽ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്. സത്യേന്ദർ ജെയ്‌നെ കള്ളക്കേസ് ചുമത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മനീഷ് സിസോദിയക്കെതിരെ ഹിമന്ത ബിശ്വശര്‍മ രംഗത്തെത്തി. ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. ശർമയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.