പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ തമിഴ്നാട്ടിലെ കുന്നൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥരെ അനുസ്മരിച്ചു. 84ാമത് മൻ കീ ബാത്ത് പരിപാടിയാണ് ഞായറാഴ്ച നടന്നത്. ഷോയുടെ ഈ വർഷത്തെ അവസാന എപ്പിസോഡാണിത്.
പ്രധാനമന്ത്രി ആയതിന് ശേഷം വാർത്താ സമ്മേളനങ്ങൾക്ക് പകരമായാണ് മോദി പ്രതിമാസ റേഡിയോ പ്രഭാഷണം നടത്തുന്നത്. വന്ദേമാതരം ചൊല്ലിയ ഗ്രീക്ക് വിദ്യാർഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 'ഗ്രീക്ക് വിദ്യാർത്ഥികൾ 'വന്ദേമാതരം' പാടുന്നത് ശ്രദ്ധിച്ചു, അത് നമ്മിൽ അഭിമാനവും ആവേശവും നിറക്കുന്നു.
അവരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു'-മോദി പറഞ്ഞു. ഒമിക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൻകീ ബാത്തിൽ നിർദേശിച്ചു. ഒമിക്രോണിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നതെന്നും കോവിഡിന്‍റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്‍റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒരുമിച്ച് നിന്നതിനാലാണ് മഹാമാരിയെ നേരിടാനായതെന്നും 140 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂനൂർ അപകടത്തിൽ മരിച്ചവരെ പ്രധാനമന്ത്രി ആദരിച്ചു. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് -19 വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ആകെ 13 കോടി പേർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. മൂന്നു കോടി ആരോഗ്യ പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ള പത്ത് കോടി പേർക്കും ഡോസ് ലഭിക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് അറിയിച്ചു. രാജ്യത്ത് പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുവദിക്കുന്നതായി ഇന്നലെ അറിയിച്ചിരുന്നു. 15 നും 18 നും ഇടയിലുള്ള 7.4 കോടി കുട്ടികൾക്കാണ് വാക്‌സിൻ ലഭിക്കുകയെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.