ബംഗളൂരു: വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആർ.ടി നഗർ സ്വദേശി മൗനേഷ് കുമാർ (39), ഇയാളുടെ സഹായികളായ ഭരത്, രാഘവേന്ദ്ര എന്നിവരാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി) പിടിയിലായത്. ആർ.ടി നഗർ കനക് നഗറിലെ എംഎസ്.എൽ ടെക്നോ സൊലൂഷൻസ് എന്ന സ്ഥാപനത്തിൽ സി.സി.ബി നടത്തിയ റെയ്ഡിൽ പാൻകാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവ വ്യാജമായി നിർമിച്ചതായി കണ്ടെത്തി. ഇവ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
ഓഫിസ് പൂട്ടി സീൽചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡുകൾ തട്ടിപ്പുകൾക്ക് ഉപയോഗപ്പെടുത്തിയോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. ഹെബ്ബാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
അടുത്തിടെ പൊലീസ് നഗരത്തിലെ അനാശാസ്യകേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് വ്യാജ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് വിവരം ലഭിച്ചത്. ലൈംഗിക തൊഴിലാളികൾക്കടക്കം വ്യാജ ആധാർകാർഡ് സംഘടിപ്പിച്ചുനൽകിയിരുന്നത് ഈ സംഘമായിരുന്നു. എന്നാൽ, കേസിലെ മുഖ്യപ്രതി മൗനേഷ് കുമാർ മന്ത്രി ബൈരതി സുരേഷിന്റെ അടുത്ത സഹായിയാണെന്ന് ആരോപണമുയർന്നു. ഇയാൾ മന്ത്രിക്കൊപ്പം ഓഫിസിലടക്കം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. എന്നാൽ, പ്രതിയുമായുള്ള ബന്ധം നിഷേധിച്ച മന്ത്രി, മൗനേഷ് തന്റെ നിയോജക മണ്ഡലത്തിൽനിന്നുള്ളയാളാണെന്നും താനുമായി ബന്ധമില്ലെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.