ന്യൂഡൽഹി: കോവിഡ് വ്യാപനം ആശങ്കാജനകമാം വിധം വർധിക്കുന്നതിനിടയിൽ നിരീക്ഷണം കർശനമാക്കിയ ഡൽഹി പൊലീസിനോട് തട്ടിക്കയറുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലാവുന്നു. കാറിൽ ഭർത്താവുമൊത്ത് യാത്ര ചെയ്യവേ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോഴാണ് യുവതി പൊലീസിനെതിരെ ആക്ഷേപവും ശകാരവും ചൊരിഞ്ഞത്. 'എന്തൊക്കെ നാടകമാണ് കൊറോണയുടെ പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്നത്?' എന്ന് യുവതി പൊലീസുകാരോട് ആക്രോശിക്കുന്നതും കാണാം.
കാറിൽ സഞ്ചരിക്കുകയാണെങ്കിലും മാസ്ക് ധരിക്കണമെന്ന് ഏപ്രിൽ ഏഴിന് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, മാസ്ക് ധരിക്കാതെ യാത്ര അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞേതാടെയാണ് ദമ്പതികൾ ആക്രോശവും ശകാരവും തുടങ്ങിയത്. ഡൽഹി പേട്ടൽ നഗർ പ്രദേശത്തുള്ള ആഭയും പങ്കജുമാണ് ഇൗ ദമ്പതികളെന്ന് പൊലീസ് പിന്നീട് പറഞ്ഞു. 'ഞങ്ങളുടെ കാറിൽ എന്‍റെ ഭർത്താവിനെ ഞാൻ ചുംബിച്ചാൽ നിങ്ങൾക്കെന്താ?' എന്നായിരുന്നു പൊലീസുകാരോട് ആഭയുടെ ചോദ്യം.
താൻ സബ് ഇൻസ്പെക്ടറുടെ മകളാണെന്നായിരുന്നു യുവതിയുടെ വാദം. യു.പി.എസ്.സി പരീക്ഷ പാസായിട്ടുണ്ടെന്നും പറഞ്ഞു. എങ്കിൽ നിങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നായിരുന്നു പൊലീസുകാരുടെ മറുപടി. കടുത്ത വാഗ്വാദത്തിനുശേഷം ദമ്പതികളെ ദര്യാഘഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവർക്കുമെതിരെ വിവിധ ഐ.പി.സി വകുപ്പുകൾ പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.