ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് എൻ.െഎ.എ പ്രത്യേക കോടതി. പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ ചിത്രീകരിച്ച അസീമാനന്ദയുടെ കുറ്റസമ്മത ദൃശ്യങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും അത് ബാഹ്യപ്രേരണ മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 16ന് പ്രത്യേക ജഡ്ജായ കെ. രവീന്ദർ റെഡ്ഡിയും സമാന വിധി പറഞ്ഞിരുന്നു.
ആർ.എസ്.എസ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന പേരിൽ ഒരാളെ സാമ്യൂഹ്യ വിരുദ്ധനും വർഗീയവാദിയുമായി കാണാനാവില്ലെന്നും ആർ.എസ്.എസ് ഒരു നിരോധിത സംഘടനയല്ലെന്നും കോടതി വ്യക്തമാക്കി.
ഹൈദരാബാദ് ജയിലിലെ രണ്ട് സഹതടവുകാരായ മഖ്ബൂൽ ബിൻ അലി, ശൈഖ് അബ്ദുൽ ഖലീം എന്നിവരോട് അസീമാനന്ദ കുറ്റസമ്മതം നടത്തിയെന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി തള്ളി. അസീമാനന്ദയുടെ കൂടെ ഇരുവരും ജയിലിലുണ്ടായിരുന്നു എന്നത് തെളിയിക്കാനായിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയ സി.ബി.െഎക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
റിമോർട്ട് കൺട്രോൾ ഉപയോഗിച്ചായിരുന്നു 400 വർഷത്തോളം പഴക്കമുള്ള മക്ക മസ്ജിദിൽ സ്ഫോടനം നടത്തിയത്. 2007 മെയ് മാസം ഒരു വെള്ളിയാഴ്ച ദിവസമായിരുന്ന ദാരുണമായ സംഭവം അരങ്ങേറിയത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 58 ഒാളം പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. കേസിൽ പ്രതികളായ 11 പേരെയും കോടതി കഴിഞ്ഞ ഏപ്രിൽ 18ന് വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.