മാധ്യമ വിചാരണ നീതി തടസ്സപ്പെടുത്തുന്നു; ആത്മഹത്യ കേസുകളിൽ സംയമനം പാലിക്കണം -ബോംബെ ഹൈക്കോടതി

ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് ബോംബെ ഹൈക്കോടതി. 'മാധ്യമ വിചാരണ നീതി നിർവഹണത്തെ തടസ്സപ്പെടുത്തുന്നു' എന്നും കോടതി നിരീക്ഷിച്ചു. നടൻ സുശാന്ത് സിങ്​ രാജ്പുത്തിന്‍റെ മരണത്തെത്തുടർന്ന് റിപ്പബ്ലിക് ടിവിയും ടൈംസ്നൗവും നൽകിയ ചില റിപ്പോർട്ടുകൾ അവഹേളനപരമാണെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.


എന്നാൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നതിനോട്​ കോടതിക്ക്​ താൽപ്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനോ നീതി നടപ്പാക്കുന്നതിനോ തടസ്സമുണ്ടാക്കുന്ന ഏതെങ്കിലും റിപ്പോർട്ടുകൾ മാധ്യമങ്ങളിൽവരുന്നത്​ കോടതിയലക്ഷ്യത്തിന്​ തുല്യമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ കേബിൾ ടിവി നെറ്റ്‌വർക്ക് റെഗുലേഷൻ ആക്ടിന് കീഴിലെ പ്രോഗ്രാം കോഡ് ലംഘിക്കുന്നതായും കോടതി നിരീക്ഷിച്ചു.

റിപ്പോർട്ടുകൾ ജേണലിസ്റ്റിക് മാനദണ്ഡങ്ങളുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം. അല്ലാത്തപക്ഷം മാധ്യമസ്ഥാപനങ്ങൾ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടിവരും. ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. ആഴ്ചകളോളം നീണ്ട വാദപ്രതിവാദങ്ങളെത്തുടർന്ന് 2019 നവംബർ ആറിന് ബെഞ്ച് ഒരു കൂട്ടം പൊതുതാൽപര്യ ഹർജികളിൽ വിധി പ്രസ്താവിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.