ന്യൂഡൽഹി: ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ ഇന്ത്യ സന്ദർശനത്തിനൊപ്പം ഒമ്പത് കരാറുകൾ. സുരക്ഷ, വ്യാപാരം, ഉൗർജം, ചാബഹാർ തുറമുഖ വികസനം തുടങ്ങിയവയിലാണ് പരസ്പര ബന്ധം വിപുലപ്പെടുത്തുന്ന കരാറുകൾ.കൃഷി, വ്യാപാരം, ചികിത്സ, ആരോഗ്യം, നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വിസ ഒഴിവാക്കൽ, ഇരട്ട നികുതി ഒഴിവാക്കൽ, നികുതി വെട്ടിപ്പ് തടയൽ എന്നിവയിൽ സഹകരിക്കും. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടി അംഗീകരിക്കുന്നതിനായുള്ള രേഖകൾ ഇരുപക്ഷവും കൈമാറിയിട്ടുണ്ട്.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങൾ ഉണ്ടാകണമെന്ന് നരേന്ദ്ര മോദിക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ റൂഹാനി പറഞ്ഞു. ഏതെങ്കിലും രാജ്യത്തിെൻറ പേരെടുത്തുപറയാതെയായിരുന്നു ഇൗ പരാമർശം. ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിന് രണ്ടു രാജ്യങ്ങളും പ്രതിബദ്ധമാണെന്ന് റൂഹാനി പറഞ്ഞു. അഫ്ഗാനിസ്താനിൽ സമാധാനവും പുരോഗതിയും ഉണ്ടാകേണ്ടതിെൻറ പ്രാധാന്യം രണ്ടു നേതാക്കളും എടുത്തുപറഞ്ഞു.
ചാബഹാർ തുറമുഖം തന്ത്രപരമായി വികസിപ്പിക്കുന്നതിന് റൂഹാനി വഹിക്കുന്ന പങ്കിനെ മോദി പ്രശംസിച്ചു. റൂഹാനിയുടെ നേതൃത്വത്തിൻ കീഴിൽ ഇന്ത്യ -ഇറാൻ ബന്ധം കൂടുതൽ വിപുലമായെന്നും മോദി പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം ഉൗർജിതപ്പെടുത്തുന്നതിെൻറ ഭാഗമായി വിനിമയ കറൻസിയായി രൂപയും റിയാലും ഉപയോഗിക്കുന്നതിെൻറ സാധ്യത പരിശോധിക്കാമെന്ന് ഇരു രാജ്യങ്ങളും ധാരണയിലെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണ് കരാറുകൾ ഒപ്പുവെച്ചത്. ഹൈദരാബാദിൽനിന്ന് ഡൽഹിയിലെത്തിയ റൂഹാനിക്ക് നേരത്തേ രാഷ്ട്രപതി ഭവനിൽ ഒൗപചാരിക വരവേൽപു നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശനിയാഴ്ചത്തെ തിരക്കിട്ട പരിപാടികൾക്കു ശേഷം റൂഹാനി രാത്രി മടങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയാണ് റൂഹാനിയുടെ സന്ദർശനം.
സന്തുലന സമീപനം കാണിക്കാൻ കൂടിയാണ് ഇതുവഴി ഇന്ത്യ ശ്രമിച്ചത്. ഇറാനെതിരായ അമേരിക്കയുടെ പുതിയ ഉപരോധങ്ങൾക്കിടയിൽതന്നെയാണ് ചാബഹാർ തുറമുഖ വികസന പങ്കാളിത്തത്തിന് തീരുമാനം. പാകിസ്താനെ മറികടന്ന് ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്താനിലേക്കും ഇറാനിലേക്കും കപ്പൽയാത്രക്കാണ് വഴി തുറക്കുന്നത്. ചാബഹാർ തുറമുഖത്തെ കണ്ടെയ്നർ ടെർമിനലിെൻറ ഒരു ഭാഗം ഒന്നര വർഷത്തേക്ക് പാട്ടത്തിന് ഇന്ത്യക്ക് നൽകുന്നതാണ് കരാർ. തുറമുഖ വികസനത്തിന് ഇന്ത്യ 85 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. തുറമുഖത്തിെൻറ ആദ്യഘട്ടം റൂഹാനി ഡിസംബറിൽ ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.