ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഓപറേഷൻ കാവേരി’യുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ ഏറെ സാഹസികവും വെല്ലുവിളി നിറഞ്ഞതും. സുഡാനിലെ ഖാർത്തൂമിന് സമീപമുള്ള വാദി സയിദ്നയിലെ ചെറിയ എയർസ്ട്രിപ്പിൽ നിന്ന് 121 ഇന്ത്യൻ പ്രവാസികളെ രക്ഷപ്പെടുത്തിയത് സുരക്ഷാ ഭീഷണിയും വെല്ലുവിളിയും മറികടന്നാണ്.
ഖാർത്തൂമിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് വാദി സയിദ്നയിലെ ചെറിയ എയർസ്ട്രിപ്പ് സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ 27ന് നിലത്ത് നിന്ന് യാതൊരു തരത്തിലുമുള്ള സഹായം ലഭിക്കാത്തതും ആക്രമണ ഭീഷണി നേരിടുന്നതുമായ എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർകുലിസ് വിമാനം അതിസാഹസികമായാണ് ഇറക്കിയത്. ഗർഭിണികളടക്കം അടിയന്തര വൈദ്യസഹായം ലഭിക്കേണ്ട നിരവധി പേർക്ക് ഖാർത്തൂമിൽ നിന്ന് സുഡാനിലെ തുറമുഖത്ത് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ചെറിയ എയർസ്ട്രിപ്പിൽ വിമാനമിറക്കാൻ വ്യോമസേന തീരുമാനിച്ചത്.
രാത്രി വിമാനമിറക്കാനുള്ള നാവിഗേഷൻ സംവിധാനങ്ങളോ സഹായങ്ങളോ ലാൻഡിങ് ലൈറ്റുകളോ ഇന്ധന സൗകര്യമോ ഇല്ലാത്തതും ജീർണിച്ച പ്രതലമുള്ളതുമായിരുന്നു ഈ എയർസ്ട്രിപ്പ്. റൺവേയിൽ തടസങ്ങളില്ലെന്നും സമീപത്ത് അക്രമികളില്ലെന്നും ഉറപ്പുവരുത്താൻ ഇലക്‌ട്രോ-ഒപ്റ്റിക്കൽ /ഇൻഫ്രാ-റെഡ് സെൻസറുകളാണ് പൈലറ്റ് ഉപയോഗിച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷം നൈറ്റ് വിഷൻ ഗോഗിൾസിന്‍റെ (എൻ.വി.ജി) സഹായത്തിലാണ് ഇരുണ്ട രാത്രിയിൽ പൈലറ്റ് വിമാനമിറക്കിയത്. തുടർന്ന് വ്യോമസേനയുടെ എട്ട് 'ഗരുഡ്' കമാൻഡോകളുടെ സുരക്ഷയിൽ യാത്രക്കാരെയും അവരുടെ ലഗേജുകളും വിമാനത്തിനുള്ളിൽ എത്തിച്ചു. വെളിച്ചമില്ലാത്ത റൺവേയിൽ നിന്ന് നൈറ്റ് വിഷൻ ഗോഗിൾസിന്‍റെ സഹായത്തിലാണ് 121 യാത്രക്കാരുമായി വ്യോമസേന വിമാനം പറന്നുയർന്നത്.
വ്യോമസേനയിലെ പരിചയ സമ്പന്നനായ ഗ്രൂപ്പ് ക്യാപ്റ്റൻ രവി നന്ദയാണ് വാദി സയിദ്നയിലെ ചെറിയ എയർസ്ട്രിപ്പിൽ സി-130 ജെ സൂപ്പർ ഹെർകുലിസ് വിമാനം അതിസാഹിസികമായി ഇറക്കിയത്. 2021 ആഗസ്റ്റിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഓപറേഷൻ ദേവിശക്തിയുടെ ഭാഗമായിരുന്നു ക്യാപ്റ്റൻ രവി നന്ദ. അഫ്ഗാൻ രക്ഷാപ്രവർത്തനത്തിന് പിന്നാലെ ധീരതക്കുള്ള മെഡൽ നൽകി രവി നന്ദയെ രാഷ്ട്രം ആദരിച്ചിരുന്നു.
‘ഓപറേഷൻ കാവേരി’യുടെ ഭാഗമായി 135 പ്രവാസികളെ കൂടി വെള്ളിയാഴ്ച രാത്രിയോടെ സുഡാനിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചു. സുഡാനിൽ നിന്ന് നാട്ടിലെത്താൻ ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്തത് ആകെ 3400 ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.