മണിപ്പൂർ കലാപത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ പ്രത്യേക ബസുകളും വിമാനങ്ങളുമായി മേഘാലയ സർക്കാർ

ഷില്ലോങ്: മണിപ്പൂരിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ പ്രത്യേക ബസ്, വിമാന സൗകര്യങ്ങളൊരുക്കി മേഘാലയ സർക്കാർ. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ 50 വിദ്യാർത്ഥികൾ, ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 10 വിദ്യാർത്ഥികൾ, ലജോംഗ് ഫുട്ബോൾ ടീമിലെ 25 അംഗങ്ങൾ എന്നിവരുൾപ്പെടെ മണിപ്പൂരിൽ കുടുങ്ങിപ്പോയവരെ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടുവരും.

മേഘാലയ സർക്കാർ, പ്രധാനമന്ത്രിയുടെ ഓഫീസ്‌, ആഭ്യന്തര മന്ത്രാലയം, അസം റൈഫിൾസ് ഡയറക്ടർ ജനറൽ, സിവിൽ വ്യോമയാന മന്ത്രാലയം, സ്വകാര്യ വിമാനക്കമ്പനികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടപടി. വെള്ളിയാഴ്ച ഉച്ചവരെ, വിവിധ വിമാനങ്ങളിലായി 25-ലധികം പേരെ ഗുവാഹത്തി വഴി മേഘാലയയിലെത്തിച്ചിട്ടുണ്ട്. വിമാനങ്ങൾക്കൊപ്പം പ്രത്യേക ബസുകളും 60-ലധികം വിദ്യാർത്ഥികളെ മേഘാലയയിലേക്ക് കൊണ്ടുവരുന്നു.

കൂടാതെ, കൂടുതൽ സഹായം ആവശ്യമുള്ളവർക്കായി മേഘാലയ സർക്കാർ ഒരു ഹെൽപ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ നമ്പർ 1800-345-3644 ആണ്, ആവശ്യമായ ഏത് സഹായത്തിനും വിളിക്കാം. കൂടാതെ, അഗ്രിക്കൾച്ചർ, ഫുഡ് ടെക്നോളജി വിദ്യാർത്ഥികൾക്ക് നോഡൽ ഓഫീസർ ശ്രീ റെംഡോർ ദഖർ (+91 9863114387), ഡോ. പോൾ ചൈൻ (9863089972) എന്നിവരെ മെഡിക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ച ഏത് സംശയത്തിനും ബന്ധപ്പെടാവുന്നതാണ്.

മേഘാലയ മന്ത്രി ഡോ. അമ്പാരീൻ എം ലിങ്‌ദോ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി & ഒഎസ്‌ഡി ഡാനിയൽ താങ്‌ക്യൂ), വെസ്റ്റ് ഗാരോ ഹിൽസ് ഡോ. വിവേകാനന്ദ സിംഗ് റാത്തോഡ്, ഐപിഎസ് (എസ്‌പി) എന്നിവരുൾപ്പെട്ട മൂന്നംഗ ഉദ്യോഗസ്ഥ പ്രതിനിധി സംഘമാണ്‌ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

“ഒറ്റപ്പെട്ടുപോയവരെ സാധാരണ വിമാനങ്ങളിലൂടെയും പ്രത്യേക അനുമതിയോടെ ചാർട്ടേഡ് ഫ്ലൈറ്റുകളിലൂടെയും തിരികെ കൊണ്ടുവരികയാണ്. വിദ്യാർത്ഥികളുടെയും പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. മണിപ്പൂരിൽ പഠിക്കുന്ന മേഘാലയയിൽ നിന്നുള്ള വിദ്യാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും ദയവായി ശാന്തരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’ -മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ പറഞ്ഞു.

Tags:    
News Summary - Meghalaya assisting evacuation of its citizens from Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.