ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിലെന്ന് റിപ്പോർട്ടുകൾ. ട്വിറ്ററിലൂടെ മെഹ്ബൂബ തന്നെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയ വിവരം അറിയിച്ചത്. ഗുപ്കാർ മേഖലയിലെ തന്‍റെ വീടിന്‍റെ ഗേറ്റുകൾ അടച്ചുപൂട്ടിയതിന്‍റെ ചിത്രങ്ങളും അവർ പങ്കുവെച്ചു.
ഷോപ്പിയാനിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനായ സുനിൽ കുമാർ ഭട്ടിന്‍റെ വീട് മെഹ്ബൂബ സന്ദർശിക്കാനിരിക്കെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. വീടിന് മുന്നിൽ സി.ആർ.പി.എഫ് വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
'സുനിൽ കുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കാനുള്ള എന്‍റെ ശ്രമം ഭരണകൂടം തടഞ്ഞിരിക്കുകയാണ്. ഇവിടുത്ത എല്ലാ മുക്കും മൂലയും അവർ സന്ദർശിക്കുമ്പോഴാണ് സുരക്ഷക്കെന്ന പേരിൽ ഞങ്ങളെ പൂട്ടിയിടുന്നത്' -മുഫ്തി ട്വീറ്റ് ചെയ്തു.
നേരത്തെ, ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയും മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയിരുന്നു. അന്ന് ഒരു വർഷത്തിലേറെ വീട്ടുതടങ്കലിലാക്കിയ ശേഷമാണ് മെഹബൂബയെ മോചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.