കാവിക്കൊടിയുമായി താജ്​മഹലിൽ അതിക്രമിച്ച്​ കയറി ഹിന്ദു ജാഗരൺ മഞ്ച്​; ശിവക്ഷേത്രമെന്നും വാദം

വിജയദശമി ദിനമായ ഞായറാഴ്​ച താജ്​മഹലിൽ അതിക്രമിച്ചുകയറി സംഘപരിവാർ സംഘടനയായ ഹിന്ദുജാഗരൺ മഞ്ച്​ പ്രവർത്തകർ. കാവിക്കൊടിയുമായി താജ്​മഹലി​െൻറ പരിസരത്തെത്തിയ ഇവർ പ്രാർഥന നടത്തിയതായും അവകാശപ്പെട്ടു. സംഭവങ്ങളുടെ വീഡിയോയും ഇവർതന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 'താജ്​മഹൽ യഥാർഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു. കുറച്ച് വർഷങ്ങളായി ഞാൻ താജ്​മഹലിൽ എത്താറുണ്ട്​. അഞ്ച് തവണയെങ്കിലും ഇവിടെവച്ച്​ ശിവനോട് പ്രാർഥിച്ചിട്ടുണ്ട്. സ്​മാരകം ഹിന്ദുക്കൾക്ക് കൈമാറാൻ സർക്കാർ സമ്മതിക്കുന്നതുവരെ അത് തുടരും'-കയ്യേറ്റത്തിന്​ നേതൃത്വം നൽകിയ ഹിന്ദുജാഗരൺ മഞ്ച്​ ആഗ്ര യൂണിറ്റ് പ്രസിഡൻറ്​ ഗൗരവ് താക്കൂർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. ​


മുഗൾ ചക്രവർത്തി ഷാജഹാൻ പതിനേഴാം നൂറ്റാണ്ടിൽ പത്​നിയായ മുംതാസിനുവേണ്ടിയാണ്​ താജ്​മഹൽ പണിതത്​. എന്നാലിത്​ പണിതിരിക്കുന്നത്​ തകർന്ന ക്ഷേത്രത്തിന്​ മുകളിലാണെന്നാണ്​ സംഘപരിവാർ പ്രചരിപ്പിക്കുന്നത്​. കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി അയോധ്യയിലെ ബാബറി മസ്​ജിദ്​ ഹിന്ദുക്കൾക്ക് കൈമാറിയതുമുതൽ വിവിധ പള്ളികളിലും ചരിത്രസ്​മാരകങ്ങളിലും ഹിന്ദുത്വ തീവ്രവാദികൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്​. മഥുരയിലും വാരണാസിയിലുമുള്ള പള്ളികൾ പൊളിച്ചുനീക്കണമെന്ന്​ ഇതിനകംതന്നെ ആവശ്യം ഉയർന്നിട്ടുണ്ട്​. ബിജെപിയും ആർ‌എസ്‌എസും ഹിന്ദുജാഗരൺ മഞ്ച് അവകാശവാദങ്ങളെപറ്റി പ്രതികരിച്ചിട്ടില്ല.

താക്കൂറിനും കൂട്ടർക്കും എതിരേ കേസെടുക്കുമോ എന്ന ചോദ്യത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവനീഷ് അവസ്തി പ്രതികരിച്ചില്ല. സുരക്ഷാ കാരണങ്ങളാൽ പതാകകളും കത്തുന്ന വസ്തുക്കളും, ധൂപവർഗ്ഗങ്ങളും, പേനകളും പോലും താജിൽ നിരോധിച്ചിട്ടുള്ളതായി ലഖ്‌നൗവിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആരോപണങ്ങൾ ശരിയാണെങ്കിൽ സുരക്ഷ ലംഘിച്ചതിനും മത സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നതിനും യുവാക്കൾക്കെതിരെ കേസെടുക്കാമെന്നും പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.


പുറത്തുവന്ന വീഡിയോയിൽ ഗൗരവ് താക്കൂർ താജ്​മഹൽ കോമ്പൗണ്ടിലെ ബെഞ്ചിൽ കണ്ണുകൾ അടച്ച് ഇരിക്കുന്നതും ഒരാൾ സമീപത്ത്​ കാവി പതാക പിടിച്ച് നിൽക്കുന്നതും കാണാം. രണ്ടുപേർ ഇത്​ ഇവ ഷൂട്ട്​ ചെയ്യുന്നതായും വീഡിയോയിലുണ്ട്​. വീഡിയോയിലുള്ളത്​ ആർ‌എസ്‌എസ് പതാകയല്ലെന്ന്​ മാധ്യമങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ്​ മനീഷ് ശുക്ല പറഞ്ഞു. 'എപ്പോഴാണിത്​ സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ശ്രമിക്കുകയാണ്. ശരിയാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കും'-സിഐ‌എസ്‌എഫ് കമാൻഡൻറ്​ രാഹുൽ യാദവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.