ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീയുടെ ദേഹത്ത് തൊടുന്നത് കുറ്റകരമല്ലെന്ന് ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീയുടെ ദേഹത്ത് തൊടുന്നത് കുറ്റകരമല്ലെന്ന് ബി.ജെ.പി എം.പിയും ലൈംഗികാതിക്രമ കേസിലെ പ്രതിയുമായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺസിങ്. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഡൽഹി കോടതിയിൽ നൽകിയ സബ്മിഷനിലാണ് ബ്രിജ് ഭൂഷന്‍റെ വാദം. ബ്രിജ് ഭൂഷണും സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമറുമാണ് കുറ്റം ചുമത്തുന്നതിന് മുന്നോടിയായി തങ്ങളുടെ വാദങ്ങൾ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയെ അറിയിച്ചത്.

ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീയെ കേവലം തൊടുക മാത്രം ചെയ്യുന്നത് കുറ്റകരമല്ലെന്ന് ബ്രിജ് ഭൂഷന്‍റെ അഭിഭാഷകൻ പറഞ്ഞു. ഗുസ്തിയിൽ പരിശീലകർ ഏറെയും പുരുഷന്മാരാണ്. മത്സരങ്ങളിലെ ഉത്കണ്ഠയുടെ പുറത്തോ, അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി മത്സരിക്കുന്നതിന്‍റെ സന്തോഷത്തിലോ ഒരു കോച്ച് തന്‍റെ ശിഷ്യയെ കെട്ടിപ്പിടിച്ചാൽ അത് കുറ്റകൃത്യമായി കാണരുത്. സിറി ഫോർട്ടിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണം നിലനിൽക്കില്ലെന്നും കെട്ടിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ ലൈംഗികോദ്ദേശ്യമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന ചില സംഭവങ്ങൾ ഡൽഹി കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് നടന്നത്. ഇന്ത്യക്ക് പുറത്തുവെച്ച് നടന്ന സംഭവങ്ങളിൽ ഡൽഹി കോടതിക്ക് വിചാരണ നടത്താൻ കേന്ദ്ര സർക്കാറിന്‍റെ അനുമതി വേണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഡൽഹി, ബെല്ലാരി, ലഖ്നോ എന്നിവിടങ്ങളിൽ വെച്ചാണ് ആരോപിച്ചിരിക്കുന്ന മറ്റ് അതിക്രമങ്ങൾ. നാല് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിൽ വെച്ചാണ് ഇത്. ലൈംഗികാതിക്രമം തുടർച്ചയായി നടക്കുകയാണെങ്കിൽ മാത്രമേ ഈ കോടതിക്ക് അവ പരിഗണിക്കാനാവൂ. ലൈംഗികാതിക്രമം നൈമിഷികമായ കുറ്റകൃത്യമാണ്. നിരന്തരമായ ഒന്നല്ല. കായിക മന്ത്രാലയത്തിലെ മേൽനോട്ട സമിതി നടത്തിയ അന്വേഷണം ചൂണ്ടിക്കാട്ടി, ബ്രിജ് ഭൂഷണെതിരായ പരാതിക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. വാദം ഇന്നും തുടരും.

ലൈംഗികാതിക്രമ കേസിൽ മെട്രോപൊളിറ്റൻ കോടതി ജൂലൈ 20ന് ബ്രിജ് ഭൂഷണും തോമറിനും ജാമ്യം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.  

Tags:    
News Summary - Merely touching does not amount to criminal activity: Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.