ഭരണത്തോടുള്ള ജനരോഷത്തിനു നടുവിൽ നിൽക്കുമ്പോഴും നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൈലേജ് ബി.ജെ.പിക്ക്. അതെങ്ങനെ സാധ്യമാകുന്നു? ഉത്തരങ്ങൾ പലതാണ്. കടുത്ത വീഴ്ചകൾ പലതുണ്ടെങ്കിലും, ബി.ജെ.പിയെ കൈവിടാൻ പറ്റില്ലെന്ന് നല്ല പങ്ക് വോട്ടർമാർ ചിന്തിച്ചു. കുത്തിവെക്കപ്പെട്ട ന്യൂനപക്ഷവിരുദ്ധ വികാരത്തോടെ ബൂത്തിലേക്ക് നടന്നവരുടെ കാവി ലഹരിതന്നെയാണ് മുന്നേറ്റത്തിന് ആധാരം. ചിതറി നിൽക്കുന്ന പ്രതിപക്ഷമാകട്ടെ, പരസ്പരം പോരടിച്ചു; പാരവെച്ചു. തോറ്റുപോകാൻ നിരവധി കാരണങ്ങൾ ഉണ്ടായിട്ടും, ബി.ജെ.പിയെ ജയിപ്പിച്ചത് ഇതെല്ലാമാണ്. .
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതും പ്രതിപക്ഷ ചേരിക്ക് നിരാശ നൽകുന്നതുമാണ് അഞ്ചിടത്തെ തെരഞ്ഞെടുപ്പുകളിൽ കിട്ടിയ 4-1 എന്ന സെമിഫൈനൽ സ്കോർ. ഇതു ഭരണ മികവിനുള്ള മാർക്കായി കണക്കാക്കി അജണ്ടകൾ മുന്നോട്ടു നീക്കാനും ബി.ജെ.പിക്ക് ആവേശം പകരും.
സൗജന്യ റേഷനും മെച്ചപ്പെട്ട റോഡുകൾക്കുമപ്പുറം, യു.പിയിൽ ബി.ജെ.പിക്ക് ജയിക്കാൻ യഥാർഥത്തിൽ ഭരണനേട്ടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ബുൾഡോസർ ബാബയെന്ന പേരും, പ്രതിയോഗികളെ അമർച്ച ചെയ്തു ഭരിച്ച നേതാവെന്ന മുഖവുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്.
കോവിഡ്കാല വീഴ്ചകൾക്കിടയിൽ നദിയിൽ പൊന്തിയ മൃതദേഹങ്ങളോ വ്യാജ ഏറ്റുമുട്ടൽ പരമ്പരകളോ ഹാഥറസും ഉന്നാവും അടക്കമുള്ള സംഭവങ്ങളോ ഏശിയില്ല. കർഷക സമരത്തിന്റെ ദുരന്തമുഖമായ ലഖിംപൂർഖേരിയിൽ പോലും ഭരണകക്ഷിയുടെ പേശീബലമാണ് ജയിച്ചത്. ഹിന്ദുത്വംതന്നെ അയോധ്യയിലും വാരാണസിയിലും ഗോരഖ്പൂരിലും മഥുരയിലുമെല്ലാം പിന്നെയും കൊടി നാട്ടി. പ്രതിപക്ഷ ദൗർബല്യങ്ങളുടെ അകമ്പടിയോടെ യു.പിയിൽ ഉണ്ടാക്കിയ നേട്ടത്തിന് ബി.ജെ.പി കടപ്പെട്ടിരിക്കുന്നത് യോഗിയോടല്ല. സംഘ്പരിവാറിന്റെ സംഘാടനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് മാർക്ക്.
യോഗിയെ കേൾക്കാൻ ആളു കുറവായിരുന്ന പല യോഗങ്ങൾക്കു മുന്നിൽ പരാജയം മണത്ത ബി.ജെ.പിയും മായാവതി നയിക്കുന്ന ബി.എസ്.പിയുമായി ഉണ്ടാക്കിയ അന്തർധാര പ്രതിപക്ഷ വോട്ട് ചിതറിക്കുന്നതിൽ വലിയ പങ്ക് വഹിച്ചെന്നാണ് വിവിധ മണ്ഡലങ്ങളിലെ വോട്ടുനില നൽകുന്ന പ്രാഥമിക സൂചന. സ്വന്തം ശക്തി ഒറ്റ സീറ്റിലേക്ക് ഒതുക്കി യു.പിയിലെ നാലാം സ്ഥാനക്കാരായി ചുരുങ്ങിയത് പിന്നാക്ക വിഭാഗ നേതാവായ മായാവതിയും ബി.എസ്.പിയും ഇതിനിടയിൽ ഏറ്റുവാങ്ങിയ ദുരന്തം. ന്യൂനപക്ഷങ്ങളുടെ ദേശീയ മുഖമെന്ന അണികളുടെ വിശേഷണത്തോടെ രംഗത്തിറങ്ങിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും നൂറോളം സീറ്റിൽ മത്സരിച്ച ഇടതുപാർട്ടികളും സ്വന്തംനിലക്ക് കുറെ വോട്ടു പിടിച്ചതല്ലാതെ സീറ്റൊന്നും നേടിയില്ല.
അഖിലേഷ് യാദവിന്റെ പ്രസംഗവേദികൾക്കു മുന്നിൽ കണ്ട ആവേശമെല്ലാം സീറ്റായില്ല. പാരവെയ്പുകൾ സമാജ്വാദി പാർട്ടിയുടെ മുന്നേറ്റത്തിന് ഇടങ്കോലായി. എന്നാൽ, കേന്ദ്രവും സംസ്ഥാനവും ഒരേപോലെ ഭരിക്കുന്ന പാർട്ടിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സമാജ്വാദി പാർട്ടിക്ക് സാധിച്ചു. കഴിഞ്ഞ തവണ കിട്ടിയതിന്റെ ഇരട്ടിയോളം സീറ്റായി ശക്തി വർധിപ്പിക്കാൻ സമാജ്വാദി പാർട്ടിക്ക് കഴിഞ്ഞു. അവരുടെ ഊർജിത പ്രവർത്തനത്തിനും ഭരണവിരുദ്ധ വികാരത്തിനുമിടയിൽ ബി.ജെ.പിക്ക് അഞ്ചു ഡസനോളം സീറ്റ് നഷ്ടപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ യു.പി കണക്കുകൂട്ടലുകളെ ബാധിക്കുന്നതാണ് ഈ സീറ്റു നഷ്ടം.
നെഹ്റുകുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ തെരഞ്ഞെടുപ്പു നടത്തിയിട്ടും കോൺഗ്രസ് രണ്ട് സീറ്റിലേക്ക് ചുരുങ്ങിപ്പോയത് പ്രിയങ്ക ഗാന്ധി ഇറങ്ങിയാലും പാർട്ടി രക്ഷപ്പെടുമോ എന്ന വലിയ ചോദ്യം ഉയർന്നുവരാൻ ഇടയാക്കും. ബി.ജെ.പിക്ക് കുതിരക്കച്ചവടങ്ങൾപോലും ആവശ്യമില്ലാത്ത വിധമാണ് ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഫലം. ഡൽഹിക്ക് പിന്നാലെ പഞ്ചാബും ആം ആദ്മി പാർട്ടി കൈയടക്കുമ്പോൾ, ദേശീയതലത്തിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് രണ്ടു സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുള്ള പാർട്ടിയായി മെലിഞ്ഞൊട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.