ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്ലിംകള്ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണരാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആര്‍ത്തികാരണവുമാണിത്. സര്‍ദാര്‍ പട്ടേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതുവരെ മുസ്ലിംകള്ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും. ഇത്തരത്തിൽ രണ്ടു ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്.
10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായി ഉയർന്നു.
സംവരണം ഉയർത്തണമെന്ന ഇരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.