ന്യൂഡൽഹി: മുസ്ലിംകൾക്കും ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി 80: 20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ് നൽകുന്നത് തടഞ്ഞ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.
മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ സമിതി, പാലോളി മുഹമ്മദ് കമ്മിറ്റി എന്നിവയുടെ ശിപാർശ അടിസ്ഥാനപ്പെടുത്തിയാണ് സംവരണം നടപ്പാക്കിയത്. എന്നാൽ ഒരു പഠനത്തിെൻറയും പിൻബലമില്ലാതെ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെല്ലാം ജനസംഖ്യാനുപാതികമായി സംവരണം നൽകുന്ന വിധം അനുപാതം പുനർനിർണയിക്കാനാണ് ഹൈകോടതി നിർദേശിച്ചത്. ഇത് യുക്തിരഹിതമാണെന്നും ഹൈകോടതിയുടെ വീക്ഷണത്തിൽ ഗുരുതര പിശക് സംഭവിച്ചിട്ടുണ്ടെന്നും പ്രത്യേകാനുവാദ ഹരജിയിൽ ചൂണ്ടിക്കാട്ടി.
മേയ് 28ന് വിധി വന്നെങ്കിലും അഞ്ചു മാസം മടിച്ചു നിന്നതിനൊടുവിലാണ് ഇപ്പോൾ കേരളം സുപ്രീംകോടതിയിലെത്തിയത്. സർക്കാറിെൻറ വിമുഖത നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
വിധിക്കെതിരെ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന് ട്രസ്റ്റ് എന്ന സംഘടനയാണ് ആദ്യം സുപ്രീംകോടതിയിലെത്തിയത്. സ്കോളർഷിപ് കിട്ടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു മുസ്ലിം വിദ്യാർഥികൾക്ക് ദോഷം ചെയ്യുന്നതാണ് ഹൈകോടതി വിധിയെന്ന് അവർ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമുദായത്തിന് ഉൾപ്പെടെ സ്കോളർഷിപ്പിനായി സർക്കാർ കോടികൾ ചെലവിടുന്നുണ്ടെന്നും സംഘടന വിശദീകരിച്ചു. തൊട്ടുപിറകെ കേരള കൗൺസിൽ ഓഫ് ചർച്ചസ് തടസ്സ ഹരജി നൽകി. ഹൈകോടതി വിധിയെ അനുകൂലിക്കുന്ന തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനു പിറകെയാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്.
സംസ്ഥാന സർക്കാറിെൻറ വാദമുഖങ്ങൾ
●ജനസംഖ്യയുടെ അനുപാതം നോക്കിയല്ല, മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സ്കോളർഷിപ് നൽകുന്നത്. മറ്റേതെങ്കിലും വിഭാഗങ്ങൾക്ക് കിട്ടേണ്ട അവകാശവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ല.
●ഹൈകോടതി നിർദേശിക്കുന്നതു പോലെ ജനസംഖ്യയുടെ അനുപാതത്തിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്കോളർഷിപ് നൽകാനാവില്ല. അതിന് അവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിശോധിക്കണം. പഠനം നടത്തി അർഹത പരിശോധിക്കാതെ സംവരണം നൽകുന്നത് സ്വേഛാപരമാണ്. അതിന് സംസ്ഥാന സർക്കാറിനെ നിർബന്ധിക്കാനാവില്ല.
●കൂടുതൽ പിന്നാക്കമായ ന്യൂനപക്ഷ സമുദായത്തിന് ഉയർന്ന അനുപാതത്തിൽ സ്കോളർഷിപ് നൽകുന്നതിൽ നിന്ന് 29ാം ഭരണഘടന വകുപ്പ് സർക്കാറിനെ തടയുന്നില്ല. പിന്നാക്കാവസ്ഥ നേരിടുന്ന ഒരു സമുദായത്തിലെ കുട്ടികൾക്ക് സ്കോളർഷിപ് നൽകുന്നത് അവരെ മുന്നിലേക്ക് കൊണ്ടുവരാനുള്ള സർക്കാർ നടപടിയാണ്. അത് ഭരണഘടനാനുസൃതമാണ്.
●കോളജ് പ്രവേശനം നേടുന്ന മുസ്ലിംകളുടെ സംഖ്യ ക്രൈസ്തവർക്കും പട്ടികജാതി വിഭാഗങ്ങൾക്കും ഏറെ പിന്നിലാണെന്നാണ് പാലോളി കമ്മിറ്റി അറിയിച്ചിട്ടുള്ളത്. മറ്റു സമുദായങ്ങളേക്കാൾ മുസ്ലിംകൾ വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ പിന്നാക്കമാണ്. അതുകൊണ്ട് 80 ശതമാനം സ്കോളർഷിപ് മാറ്റിവെച്ചത് 15(4) ഭരണഘടന വകുപ്പിന് അനുസൃതമാണ്.
●ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനം സ്കോളർഷിപ് നൽകുന്നുണ്ട്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ ജെ.ബി. കോശി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ടിൽ ക്രിസ്ത്യാനികൾക്ക് പിന്നാക്കാവസ്ഥയുണ്ടെന്ന് കണ്ടെത്തിയാൽ അതിന് അനുപാതികമായി സ്കോളർഷിപ് നൽകാൻ തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.