ഐസോൾ: വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ മിസോ നാഷനൽ ഫ്രന്റ് (എം.എൻ.എഫ്) ഭരണത്തിന് അന്ത്യം കുറിച്ച് സോറം പീപ്ൾസ് മൂവ്മെന്റ് (ഇസെഡ്.പി.എം) കക്ഷിക്ക് ഉജ്ജ്വലം ജയം. തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ 40 അംഗ നിയമസഭയിൽ 27 സീറ്റുകൾ നേടിയാണ് നാലുവർഷം മാത്രം പ്രായമായ പാർട്ടി ഭരണംപിടിച്ചത്.
ഭരണകക്ഷിയായ എം.എൻ.എഫിന് 10 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളൂ. ബി.ജെ.പി രണ്ടു സീറ്റിലും കോൺഗ്രസ് ഒന്നിലും ജയം കണ്ടു. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എം.എൻ.എഫ് സംസ്ഥാനത്ത് എൻ.ഡി.എയിൽ സഖ്യത്തിൽനിന്ന് പിൻവാങ്ങിയെങ്കിലും ദേശീയതലത്തിൽ ഇപ്പോഴും സഖ്യകക്ഷിയാണ്.
ഇസെഡ്.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ലാൽദുഹോമ, സെർച്ചിപ്പ് സീറ്റിൽനിന്ന് വിജയിച്ചു. നിലവിലെ മുഖ്യമന്ത്രിയും എം.എൻ.എഫ് അധ്യക്ഷനുമായ സൊറംതാൻങ്ങയും ഉപമുഖ്യമന്ത്രി തൗൻലൂയിയയും അടക്കം നിരവധി ഭരണകക്ഷി നേതാക്കൾ പരാജയപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗത്തിനുശേഷം മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ഇസെഡ്.പി.എം അറിയിച്ചു. ചൊവ്വാഴ്ചയാണ് നിയമസഭ കക്ഷി യോഗം.
ഇതിനിടെ, മുഖ്യമന്ത്രി സൊറംതാങ്ങ തിങ്കളാഴ്ച വൈകീട്ട് ഗവർണർ ഹരിബാബു കമ്പംപതിയെ രാജ്ഭവനിൽ ചെന്നുകണ്ട് രാജി സമർപ്പിച്ചു. നേരത്തെ എം.എൻ.എഫിന്റെ സഖ്യകക്ഷിയായിരുന്ന 23 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് രണ്ടെണ്ണം മാത്രമാണ് നേടാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.