എം.കെ സ്റ്റാലിൻ

പുതിയ ക്രിമിനൽ നിയമങ്ങൾ പിൻവലിക്കണം; അമിത് ഷാക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളും പിൻവലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പുതിയ ക്രിമിനൽ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. മതിയായ ആലോചനകളും കൂടിയാലോചനകളും ഇല്ലാതെ തിടുക്കത്തിലാണ് പുതിയ നിയമങ്ങൾ നടപ്പാക്കിയതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് പുതിയ നിയമങ്ങൾ അവലോകനം ചെയ്യണമെന്നും തൽക്കാലം നിയമങ്ങൾ തടഞ്ഞുവക്കണമെന്നും സ്റ്റാലിൻ കത്തിൽ അഭ്യർഥിച്ചു. സംസ്ഥാന സർക്കാറുമായി വിപുലമായ കൂടിയാലോചന നടത്തേണ്ടതായിരുന്നു. സംസ്ഥാനങ്ങൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ മതിയായ സമയം നൽകിയിട്ടില്ലെന്നും പ്രതിപക്ഷ പാർട്ടികളുടെ പങ്കാളിത്തമില്ലാതെയാണ് പുതിയ നിയമങ്ങൾ പാർലമെന്‍റ് പാസാക്കിയതെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു.

"ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങളുമായി ചർച്ചകളും ലോ കോളേജ് വിദ്യാർഥികൾക്കുള്ള സിലബസ് പരിഷ്കരണവും ആവശ്യമാണ്. അതിന് മതിയായ സമയം ആവശ്യമാണ്. തിടുക്കത്തിൽ ചെയ്യാൻ കഴിയില്ല"-അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവക്ക് പകരമായി പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ നേരിടുന്ന ചില പ്രശ്നങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ഈ നിയമങ്ങളിൽ ചില "അടിസ്ഥാന പിശകുകൾ" ഉണ്ടെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഭാരതീയ നഗ്രിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ മൂന്ന് പുതിയ നിയമങ്ങൾക്കും സംസ്‌കൃതത്തിലാണ് പേരിട്ടിരിക്കുന്നതെന്നും ഇത് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിന്‍റെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ എല്ലാ നിയമങ്ങളും ഇംഗ്ലീഷിൽ ആയിരിക്കണമെന്നത് നിർബന്ധമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - MK Stalin asks Centre to withdraw new criminal laws: Can't be done in haste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.