വൈകാരിക വിഷയങ്ങൾ ഉയർത്തി മറികടക്കാൻ കഴിയുന്നതിനപ്പുറം, അദാനി പ്രശ്നം മോദിയെ അടിസ്ഥാനപരമായി പരിക്കേൽപിക്കുന്നുണ്ട്. ദേശസുരക്ഷയുടെയോ ദേശീയതയുടെയോ വർണക്കടലാസിൽ പൊതിഞ്ഞ് വിഴുപ്പ് മോടിയാക്കാൻ ഈ വിഷയത്തിൽ കഴിയാതെ പോകുന്നു. സഭാരേഖകളിൽനിന്ന് പരാമർശം മായ്ച്ചുകളഞ്ഞതുകൊണ്ടോ പ്രധാനമന്ത്രി മൗനം പാലിച്ചതു കൊണ്ടോ മറികടക്കാൻ കഴിയുന്നതല്ല ആ പ്രതിസന്ധി
മോദി-അദാനി ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും പാർലമെന്റിൽ പറഞ്ഞ കാര്യങ്ങളിൽ അപകീർത്തികരമെന്ന് സർക്കാർ കരുതുന്ന വാക്കുംവരിയും ഇന്ന് സഭാ രേഖകളുടെ ഭാഗമല്ല. പ്രസംഗത്തിന്റെ സാരാംശം തന്നെ ചോർത്തുന്ന വിധം ഇത്തരമൊരു വെട്ടിത്തിരുത്തൽ അത്യപൂർവം. വ്യവസായ ഭീമനായി വളരാൻ ഗൗതം അദാനിക്ക് കിട്ടിയ വഴിവിട്ട ഭരണകൂട പിന്തുണയെക്കുറിച്ചാണ് രാഹുൽ ഗാന്ധിയും മറ്റും പാർലമെന്റിൽ സംസാരിച്ചത്. മാധ്യമങ്ങൾ വഴി മുമ്പേ പൊതുജനത്തിന് കിട്ടിയ വിവരങ്ങളിൽ കൂടുതലൊന്നും യഥാർഥത്തിൽ രാഹുൽ ലോക്സഭയിൽ പറഞ്ഞില്ല.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിയുടെ സാമ്രാജ്യം ആടിയുലഞ്ഞ് നിക്ഷേപകർക്കിടയിൽ സംശയവും പരിഭ്രാന്തിയും നിറഞ്ഞ സന്ദർഭത്തിൽ അവയത്രയും കോർത്തിണക്കി പ്രസക്തമായ ചോദ്യങ്ങൾ മുന്നോട്ടുവെക്കാൻ കഴിഞ്ഞത് രാഹുലിന്റെ നേട്ടം. കഴിഞ്ഞ ദിവസങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലുമായി മൂന്നു മണിക്കൂറോളം സംസാരിച്ചതിനിടയിൽ അദാനിയെന്ന പേരുപോലും വായയിൽ നിന്നു വീഴാതിരിക്കാൻ ജാഗ്രത കാട്ടിയത് മോദിയുടെ രാഷ്ട്രീയം. എന്നാൽ ഈ മായ്ക്കലും മൗനവും വാചാലമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് മോദിയെയും ബി.ജെ.പിയെയും വിയർപ്പിച്ചത് റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി നേതാക്കൾ ഏറ്റവും കൂടുതൽ വിശദീകരിക്കേണ്ടി വരുന്ന വിഷയമായി മാറുകയാണ് അദാനിച്ചങ്ങാത്തം. ഗുജറാത്ത് വംശഹത്യ മുതൽ പ്രതിസന്ധികളുടെ തീക്കട്ട പലതും ചവിട്ടിമെതിച്ച് മുന്നേറുന്ന മോദിയുടെ കരുത്തിന്റെ തണൽപറ്റി കഴിയുന്ന ബി.ജെ.പി നേതാക്കൾ, ആരോ തീപ്പെട്ടി ഉരച്ചെന്ന ലാഘവത്തോടെ അദാനി വിഷയത്തെ ചിത്രീകരിക്കുന്നു.
റേഷനടക്കം സർക്കാറിന്റെ പലവിധ സേവന-സൗജന്യങ്ങൾ പറ്റുന്ന ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല, ചളി എറിയുന്തോറും കൂടുതൽ താമര വിരിയുമെന്ന് മോദി സമാശ്വസിപ്പിക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന റഫാലിൽ നിന്ന് ഭിന്നമാണ് അദാനി വഴിയുണ്ടായ വിശ്വാസത്തകർച്ച. റഫാലിന്റെ കാര്യത്തിൽ ദേശസുരക്ഷയാണ് സർക്കാർ പ്രധാനമായും പിടിവള്ളിയാക്കിയത്. എന്നാൽ അദാനി കമ്പനികളിൽ പണം കളഞ്ഞവരെയും വിശ്വാസം പോയവരെയും അതിൽ തളച്ചിടാനാവില്ല. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം അദാനി കമ്പനികളിൽ ക്രമക്കേടും വിദേശ ഷെൽ കമ്പനികൾ വഴി കള്ളപ്പണ ഒഴുക്കുമുണ്ട്. ചെറുതും വലുതുമായ നിക്ഷേപകരുടെ 10 ലക്ഷം കോടി രൂപയിൽ കുറയാത്ത തുക ചോർത്തിക്കളഞ്ഞ വ്യവസായ സാമ്രാജ്യമാണിന്ന് അദാനി ഗ്രൂപ്. ഓഹരി വിപണിയിൽ നിക്ഷേപം ആവിയായിപ്പോയവർക്ക്, അത് തിരിച്ചുപിടിക്കാൻ കഴിയാത്ത കാലത്തോളം അമർഷം തീരില്ല.
ഓഹരി വിപണിയിലെ ക്രമക്കേടും പ്രതിസന്ധിയും നേർക്കുനേർ കാണുകയും പണച്ചോർച്ച അനുഭവിക്കുകയും ചെയ്യുന്നവർക്കിടയിലേക്കാണ് രാഹുൽ ഉപചോദ്യങ്ങളുടെ അകമ്പടിയോടെ മൂന്ന് പ്രധാന ചോദ്യങ്ങൾ എടുത്തിട്ടത്. ഒന്ന്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളിൽ ഗൗതം അദാനി എത്ര തവണ ഒപ്പമുണ്ടായിരുന്നു? എത്ര തവണ അദാനി പിറകെ എത്തി? മോദി സന്ദർശിച്ചു മടങ്ങിയ രാജ്യത്തേക്ക് പിറകെ അദാനി പോയത് എത്ര തവണ? മോദിയുടെ സന്ദർശനശേഷം ഓരോ രാജ്യത്തുനിന്നും അദാനി എത്ര കരാറുകൾ നേടി? രണ്ട്: 20 വർഷത്തിനിടയിൽ അദാനി എത്ര പണം ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടായും മറ്റും നൽകിയിട്ടുണ്ട്? മൂന്ന്: ഒരു സ്റ്റാർട്ടപ് നടത്തി വിജയിപ്പിക്കാൻ യുവാക്കൾ പാടുപെടുന്ന ഇന്നാട്ടിൽ, തുടങ്ങി വെക്കുന്ന ഒരു സംരംഭത്തിൽ പോലും തോൽക്കാതെ എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു? ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണത്തിന് സർക്കാർ തയാറാകാത്തത് എന്തുകൊണ്ടാണ്? മോദിയുമായി ഗൗതം അദാനിക്കുള്ള അടുപ്പത്തിൽ അടിയുറച്ചതാണ് അദാനി ഗ്രൂപ് കമ്പനികളെന്ന ഉത്തമവിശ്വാസത്തോടെ പണം പെരുപ്പിക്കാൻ അവയിൽ നിക്ഷേപിച്ചുപോന്നവർ ലക്ഷങ്ങളാണ്. ഓഹരി വിപണിയിലെ തങ്ങളുടെ കഷ്ടനഷ്ടങ്ങൾക്ക് രാഹുലും ഹിൻഡൻബർഗും പറയുന്ന കാര്യങ്ങളുമായുള്ള ബന്ധം കൂട്ടിവായിക്കാൻ അവർ ഓരോരുത്തരും പ്രേരിപ്പിക്കപ്പെടുന്നു.
അദാനി, ഹിൻഡൻബർഗ്, ഓഹരി വിപണിയിലെ ചാഞ്ചാട്ടം എന്നിവയുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങൾക്കൊന്നും സർക്കാർ മറുപടി പറഞ്ഞിട്ടില്ല. ഏതോ ഒരു കമ്പനിയുടെ കാര്യമെന്ന മട്ട്. പാർലമെന്റിൽ ചർച്ച അനുവദിച്ചില്ല. അന്വേഷണത്തിന് തയാറല്ല. എൽ.ഐ.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളുടെ പണം മുതൽ കള്ളപ്പണ ഇടപാടുവരെ കെട്ടുപ്പിണഞ്ഞു കിടക്കുന്ന വിഷയത്തിലാണ് ഈ സമീപനം. ചോദ്യങ്ങളെല്ലാം പുച്ഛത്തോടെ എഴുതിത്തള്ളി, ചോദ്യമുന്നയിച്ചവരെ കൂട്ടത്തോടെ നേരിടുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച.
ചോദ്യമുന്നയിക്കാൻ ഇവർക്കെന്ത് അർഹത എന്ന മറുചോദ്യമാണ് മുഴങ്ങിക്കേട്ടത്. കോൺഗ്രസ് സർക്കാറുകളെ വീഴ്ത്തിയ ബോഫോഴ്സ്, 2ജി, കൽക്കരി, കോമൺവെൽത്ത് തുടങ്ങിയ കുംഭകോണങ്ങളുടെ ചരിത്രം മന്ത്രിമാർ ഓരോരുത്തരായി നിരത്തി. ഈ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മറ പറ്റിയാണ് മോദിയും ബി.ജെ.പിയും അധികാരത്തിലെത്തിയത്. അഥവാ, അഴിമതി ആരോപണങ്ങളിൽ കുരുങ്ങി പ്രതിഛായ തകർന്നാണ് കോൺഗ്രസ് സർക്കാറുകൾ വീണത്. അതുകൊണ്ട് അവരുടെ പിന്മുറക്കാർക്ക് അഴിമതി ചൂണ്ടിക്കാട്ടാൻ അർഹതയില്ലെന്നു വരുന്നില്ല. ഇന്ന് പ്രതിക്കൂട്ടിൽ മോദി സർക്കാറും ബി.ജെ.പിയുമാണ്. അഴിമതിക്കാരാണോ, കോർപറേറ്റുകൾക്ക് വേണ്ടി ഭരണസൗകര്യങ്ങളും രാജ്യത്തിന്റെ സമ്പത്തും ദുരുപയോഗിച്ചിട്ടുണ്ടോ എന്നതാണ് വിഷയം. ഉണ്ടെന്ന് ജനത്തിന് ബോധ്യപ്പെട്ടാൽ, വീഴാൻ കോൺഗ്രസിന് മാത്രമെ കഴിയൂ എന്നൊന്നുമില്ല.
മുൻകാല വെല്ലുവിളികളിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം വോട്ടു ബാങ്കിനുള്ളിലും അവിശ്വാസം വളർത്തിയ വിഷയത്തിന്റെ ഒത്ത നടുക്കാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും. വൈകാരിക വിഷയങ്ങൾ ഉയർത്തി മറികടക്കാൻ കഴിയുന്നതിനപ്പുറം, അദാനി പ്രശ്നം മോദിയെ അടിസ്ഥാനപരമായി പരിക്കേൽപിക്കുന്നുണ്ട്. ദേശസുരക്ഷയുടെയോ ദേശീയതയുടെയോ വർണക്കടലാസിൽ പൊതിഞ്ഞ് വിഴുപ്പ് മോടിയാക്കാൻ ഈ വിഷയത്തിൽ കഴിയാതെ പോകുന്നു.
അതിന്റെ അസ്വസ്ഥത പ്രകടമാണ്. സഭാ രേഖകളിൽ നിന്ന് പരാമർശം മായ്ച്ചു കളഞ്ഞതുകൊണ്ടോ പ്രധാനമന്ത്രി മൗനം പാലിച്ചതുകൊണ്ടോ മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷത്തെ നേരിട്ടതുകൊണ്ടോ മറികടക്കാൻ കഴിയുന്നതല്ല ആ പ്രതിസന്ധി. മായ്ച്ചു കളയാൻ നോക്കുന്നത് മായാജാലമായി നിൽക്കും; മൗനജാലത്തിന് നാനാർഥങ്ങൾ കൈവരും. എന്നാൽ ഹിന്ദുത്വത്തിന്റെ വെള്ളവും വളവും വലിച്ചു പന്തലിച്ചു നിൽക്കുന്ന ഒരു സംവിധാനത്തെ സർക്കാർ-കോർപറേറ്റ് അവിഹിതത്തിനെതിരായ വികാരം ആവാഹിച്ച് നേരിടാനും വിജയിക്കാനും ചിതറിയ പ്രതിപക്ഷത്തിന് എത്രത്തോളം കെൽപുണ്ട് എന്നതാണ് കാതലായ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.