ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധി വലിയ ആശങ്കയായി തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയും യുക്രെയ്നുമായി നടക്കുന്ന ചർച്ചകൾ സമാധാനത്തിന്റെ വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.
യുക്രെയ്നിലെ സിവിലിയൻമാരുടെ സുരക്ഷക്കാണ് പ്രധാന്യം നൽകിയത്. ജീവകാരുണ്യ സഹായങ്ങൾ തടസ്സമില്ലാതെ സാധാരണക്കാർക്ക് എത്തുമെന്ന് ഉറപ്പാക്കിയിരുന്നു. ബുച്ച നഗരത്തിൽ നിരവധി സാധാരണക്കാർ അടുത്തിടെ കൊല്ലപ്പെട്ടത് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തയാണ്.
ഉടനടി അതിനെ അപലപിക്കുകയും ന്യായമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇരു പ്രസിഡന്റുമാരുമായും പിലതവണ സംസാരിച്ചിരുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്തുവെന്ന് മാത്രമല്ല, പുടിനും സെലൻസ്കിയും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പാർലമെന്റിൽ യുക്രെയ്ൻ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
റഷ്യയുടെ ആക്രമണത്തെ തുടർന്നുള്ള സാഹചര്യം കൈകാര്യം ചെയ്യാൻ ഇന്ത്യയും യു.എസും തമ്മിലുള്ള കൂടിയാലോചനകൾ തുടരുമെന്ന് ബൈഡൻ പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുകയാണ്. യുക്രെയ്ൻ ജനതക്ക് ഇന്ത്യ നൽകുന്ന സഹായങ്ങൾ സ്വാഗതാർഹമാണെന്നും ബൈഡൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.