ന്യൂഡൽഹി: ഘടകക്ഷി വികാരം അവഗണിച്ച് നരേന്ദ്ര േമാദി മൂന്നാമത്തെ മന്ത്രിസഭ അഴിച്ചുപണി നടത്തിയപ്പോൾ കൂടുതൽ പ്രാതിനിധ്യമെന്ന ശിവസേനയുടെ ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു. ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പി പക്ഷത്തേക്ക് ചാടി സർക്കാർ രൂപവത്കരിച്ച നിതീഷ് കുമാറിെൻറ ജനതാദൾ യുനൈറ്റഡിനാണ് ഏറ്റവും വലിയ തിരിച്ചടി. എൻ.ഡി.എയിൽ ചേരുന്നത് പ്രഖ്യാപിക്കാൻ കഴിഞ്ഞമാസം പട്നയിൽ വിളിച്ച ദേശീയ കൗൺസിലിൽ തങ്ങൾക്ക് രണ്ട് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്ന് അവകാശവാദം ഉയർത്തിയ ജെ.ഡി.യുവിന് വെറുംകൈയോടെ ബി.ജെ.പി മുന്നണിയിൽ നിൽക്കേണ്ടി വന്നു. കേന്ദ്ര മന്ത്രിസ്ഥാനം ഉൾപ്പെടെ പ്രലോഭനം മുന്നിൽ വെച്ചും സമ്മർദം ചെലുത്തിയും ഒന്നിപ്പിച്ചിട്ടും ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത എ.െഎ.എ.ഡി.എം.കെക്ക് എൻ.ഡി.എ അംഗത്വംപോലും ലഭിക്കാത്തതിനാൽ മന്ത്രിസഭ പുനഃസംഘടനയിൽ കാഴ്ചക്കാരുടെ പങ്കുപോലുമുണ്ടായില്ല.
ബി.ജെ.പിയുടെ ദീർഘകാല സഖ്യകക്ഷിയായ ശിവസേന മന്ത്രിസഭ പുനഃസംഘടനയിൽനിന്ന് വിട്ടുനിന്നാണ് അവഗണനക്കെതിരെ കടുത്ത അമർഷം പ്രകടിപ്പിച്ചത്. മോദി സർക്കാറിലെ ശിവസേനയുടെ ഏക പ്രതിനിധിയായ ഖനനമന്ത്രി അനന്ത് ഗീഥേ ഒരുപടികൂടി കടന്ന് ദേശീയ ജനാധിപത്യസഖ്യം കടലാസിൽ മാത്രമാണുള്ളതെന്നും എൻ.ഡി.എ ഒട്ടുമുക്കാലും അവസാനിച്ചുകഴിഞ്ഞെന്നും തുറന്നടിച്ചു. പുനഃസംഘടന സംബന്ധിച്ച് തനിക്ക് ബി.ജെ.പിയിൽനിന്ന് ഒരറിയിപ്പും ലഭിച്ചില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലോ പാർലമെൻറിലോ ആവശ്യം വരുേമ്പാൾ മാത്രമാണ് തങ്ങളെ ഒാർക്കാറുള്ളതെന്നാണ് സേനയുടെ സഞ്ജയ് റൗത്ത് പറഞ്ഞത്. ‘ഭൂരിപക്ഷമുള്ളതിനാൽ അവർക്ക് അഹങ്കാരമാണ്. പക്ഷേ, ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. അവരുടെ ഭൂരിപക്ഷം. അവർ ഇഷ്ടമുള്ളതുപോലെ സർക്കാറിനെ നയിക്കെട്ട. ഇത് എൻ.ഡി.എയുടെ പുനഃസംഘടനയല്ല, ബി.െജ.പിയുടേതാണ്. ആവശ്യമായ തീരുമാനം തങ്ങൾ ശരിയായ സമയത്ത് എടുക്കും’ -രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
കൊട്ടിഘോഷിക്കപ്പെട്ട പ്രാതിനിധ്യം മന്ത്രിസഭയിൽ ലഭിക്കാത്ത ജെ.ഡി.യു നേതൃത്വം തങ്ങളുടെ നിരാശ പുറത്തുകാണിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രാതിനിധ്യം സംബന്ധിച്ച് ചർച്ചയൊന്നും നടന്നില്ലെന്ന് പട്നയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. എന്നാൽ, മുൻ സഖ്യകക്ഷിയായ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ജെ.ഡി.യുവിനെ കണക്കിന് പരിഹസിച്ചു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ജെ.ഡി.യുവിന് ക്ഷണം പോലും ലഭിച്ചിരിക്കില്ലെന്നാണ് ലാലുവിെൻറ പരിഹാസം. കൂടെനിൽക്കുന്നവരെ ഉപേക്ഷിച്ച് പോകുന്നവരെ ആരും വിശ്വാസത്തിലെടുക്കില്ലെന്നും ഇത് നിതീഷിെൻറ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശിവസേനയുടെയും ജെ.ഡി.യുവിെൻറയും മന്ത്രിസഭ പ്രാതിനിധ്യം സംബന്ധിച്ച് സമവായത്തിലെത്താൻ കഴിയാതിരുന്നതാണ് ഇരുപാർട്ടികളെയും ഒഴിവാക്കാൻ കാരണമെന്ന അഭ്യൂഹം ബി.ജെ.പിയിൽ ഉയരുന്നുണ്ട്. ലോക്സഭയിൽ രണ്ട് അംഗങ്ങൾ മാത്രമുള്ള ജെ.ഡി.യുവിന് രാജ്യസഭയിൽ പത്തംഗങ്ങളാണുള്ളത്. ശിവസേനക്ക് ലോക്സഭയിൽ 18 പേരും രാജ്യസഭയിൽ മൂന്നുപേരും. ജനതാദൾ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുേമ്പാൾ, അതിൽ കൂടുതൽ വേണമെന്ന ശിവസേനയുടെ നിലപാട് ബി.ജെ.പിക്ക് കീറാമുട്ടിയായി മാറിയെന്നാണ് സൂചന. ടി.ടി.വി. ദിനകരൻ പക്ഷം തമിഴ്നാട്ടിലെ എ.െഎ.എ.ഡി.എം.കെ സർക്കാറിന് ഭീഷണി ഉയർത്തുന്നതാണ് അവർക്ക് തടസ്സമായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.