ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
'തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങൾ ജോ ബൈഡൻ. വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ, ഇന്തോ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിർണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' -മോദി ട്വീറ്റ് ചെയ്തു.
വൈസ് പ്രസിഡന്‍റായി വിജയിച്ച ഇന്ത്യൻ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ ഇന്തോ-അമേരിക്കക്കാർക്കും അഭിമാനമാണ് വിജയമെന്ന് മോദി പറഞ്ഞു.
ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയ മോദിക്ക് യു.എസിലെ ഭരണമാറ്റം നിർണായകമാണ്. ട്രംപ് തന്‍റെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
അതേസമയം, കശ്മീർ വിഷയത്തിലും സി.എ.എ വിഷയത്തിലും കേന്ദ്ര സർക്കാറിന്‍റെ വാദങ്ങൾക്കെതിരെ രംഗത്തെത്തിയയാളാണ് ബൈഡൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.