ന്യൂഡൽഹി: മുസ്ലിംകളോട് വോട്ടു ജിഹാദിന് ആവശ്യപ്പെട്ടിരിക്കുകയാണ് ‘ഇൻഡ്യ’ സഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനക്കും ജനാധിപത്യത്തിനും മാത്രമല്ല, മാനവികതക്കും ഭീഷണിയായ മോദി സർക്കാറിനെ താഴെയിറക്കാൻ ‘വോട്ടു ജിഹാദ്’ മാത്രമാണ് വഴിയെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദിന്റെ മരുമകൾ മറിയ ആലത്തിന്റെ ഫാറൂഖാബാദ് പ്രസംഗം പരാമർശിച്ചാണ് മോദിയുടെ ആരോപണം. ഒ.ബി.സി, പട്ടിക വിഭാഗങ്ങളുടെ സംവരണം മുതൽ കെട്ടുതാലിവരെ പിടിച്ചുപറിച്ച് മുസ്ലിംകൾക്ക് നൽകാനാണ് കോൺഗ്രസിന്റെ പദ്ധതിയെന്ന പ്രസംഗങ്ങൾക്ക് പിന്നാലെയാണിത്.
ഇതുവരെ ലവ് ജിഹാദ്, ലാൻഡ് ജിഹാദ് എന്ന് മാത്രമാണ് കേട്ടിരുന്നത്. വോട്ട് ജിഹാദെന്ന ആഹ്വാനം ഏതെങ്കിലും മദ്റസയിൽ നിന്നുവരുന്ന കുട്ടിയുടേതല്ല, വിദ്യാഭ്യാസം നേടിയ കുടുംബത്തിൽ നിന്നാണ്. മുസ്ലിംകൾ ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നാണ് ഇൻഡ്യ സഖ്യം പറയുന്നത്. ജിഹാദിന്റെ അർഥമെന്തെന്ന് എല്ലാവർക്കുമറിയാം. ഭരണഘടനയെയും ജനാധിപത്യത്തെയും അപമാനിച്ചിരിക്കുകയാണ് ഇൻഡ്യ സഖ്യം -ഗുജറാത്തിലെ ആനന്ദിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ മോദി പറഞ്ഞു.
വോട്ടു ജിഹാദ് വേണമെന്ന പ്രസ്താവനയെ ഒരു കോൺഗ്രസ് നേതാവും ഇതുവരെ എതിർത്തിട്ടില്ല. അവർ തന്ത്രപരമായ നീക്കുപോക്കിലാണ്. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, പൊതു വിഭാഗക്കാരെ ഭിന്നിപ്പിക്കാൻ ഒരുവശത്ത് ശ്രമിക്കുന്നു. മറുവശത്ത് വോട്ടു ജിഹാദ് മുദ്രാവാക്യം ഉയർത്തുന്നു. അവരുടെ ഉദ്ദേശ്യം എത്ര അപകടകരമെന്നാണ് ഇതു കാണിക്കുന്നത് -മോദി അഭിപ്രായപ്പെട്ടു.
ഫാറൂഖാബാദിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി സ്ഥാനാർഥിയുടെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് മറിയ ആലം ‘വോട്ടു ജിഹാദ്’ എന്ന പ്രയോഗം നടത്തിയത്.
ജിഹാദ് എന്ന പദപ്രയോഗം കൊണ്ട് യഥാർഥത്തിൽ ഒരു സാഹചര്യത്തിനെതിരായ പോരാട്ടമാണ് അർഥമാക്കുന്നതെന്നും, ഭരണഘടന സംരക്ഷിക്കാൻ വോട്ടു ജിഹാദ് വേണമെന്നാണ് മറിയ ആലം പറഞ്ഞതെന്നും യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സൽമാൻ ഖുർശിദ് പിന്നീട് വിശദീകരിച്ചെങ്കിലും കാര്യങ്ങൾ അതിൽ തീർന്നില്ല. മതാടിസ്ഥാനത്തിൽ വോട്ടു ചോദിച്ചുവെന്നതിന് മറിയ ആലത്തിനെതിരെ യു.പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോൺഗ്രസിനുമേൽ പാകിസ്താൻ ബന്ധവും മോദി ആരോപിച്ചു. ഇവിടെ കോൺഗ്രസ് ചാവുന്നു; പാകിസ്താൻ കരയുന്നു. ‘ഷെഹ്സാദ’ (രാഹുൽ ഗാന്ധിയെ പരാമർശിച്ച്) അടുത്ത പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ഉത്സുകരാണ്. അതിൽ അതിശയിക്കാനില്ല, കാരണം കോൺഗ്രസ് പാകിസ്താന്റെ അനുയായികളാണ്. -മോദി പറഞ്ഞു.
പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാറിൽ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് പ്രശംസിച്ചതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.