ന്യൂഡൽഹി: ജി.എസ്.ടി നിയമം നടപ്പിലാക്കിയത് വഴി വ്യാപാരത്തിൽ കനത്ത നഷ്ടം നേരിട്ടുവെന്നാരോപിച്ച് ഷൂ വ്യാപാരി ഫേസ്ബുക്കിൽ ലൈവിട്ട് ഭാര്യക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ ബറോത്തിലാണ് സംഭവം. ഭാര്യ ചികിത്സക്കിടെ മരിച്ചതായും ഭർത്താവിന്റെ നില ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥാനായ മദൻ സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും തന്റെ മരണത്തിനുത്തരവാദിയെന്ന് രാജീവ് തോമർ വിഡിയോയിൽ പറയുന്നുണ്ട്. ചെറുകിട വ്യാപാരികൾക്കും കർഷകർക്കും വേണ്ടി സർക്കാർ നയങ്ങളിൽ മാറ്റം വരുത്തണമെന്ന് രാജീവ് അഭ്യർഥിച്ചു.
ചൊവ്വാഴ്ചയാണ് ഭാര്യ പൂനത്തിനൊപ്പം രാജീവ് വിഷം കുടിച്ചത്. ഫേസ്ബുക്കിൽ ലൈവ് വിഡിയോ കണ്ട് നിരവധിയാളുകൾ പൊലീസിൽ വിവരമറിയിച്ചു. ചിലർ രാജീവിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം സുഭാഷ് നഗറിൽ താമസിച്ചിരുന്ന രാജീവ് കുറച്ച് കാലമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജീവ് ബി.ജെ.പിക്കാരനാണെന്ന് മാധ്യമപ്രവർത്തകനായ അശുതോഷ് ഭരദ്വാജ് വിഡിയോക്കൊപ്പം പങ്കുവെച്ച ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
'എനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ കരുതുന്നു. എന്റെ കടങ്ങൾ ഞാൻ വീട്ടും. ഞാൻ മരിച്ചാലും ഞാൻ പണം നൽകും. എങ്കിലും വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. ഞാൻ ഒരു ദേശവിരുദ്ധനല്ല, പക്ഷേ മോദിജിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങളുടെ നയങ്ങൾ മാറ്റുക'-രാജീവ് വിഡിയോയിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും എന്നാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദമ്പതികളുടെ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.