ന്യൂഡൽഹി: ‘മൊഹല്ല’ ക്ലിനിക്കുകൾ നിർമിക്കുകയും ഡൽഹിയിലെ ജനങ്ങൾക്ക് എല്ലാ ചികിത്സയും സൗജന്യമാക്കുകയും ചെയ്തു എന്നതാണ് മുൻ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ ജെയ്ൻ ചെയ്ത ഒരേയൊരു തെറ്റെന്നും ക്ലിനിക്കുകൾ അടച്ചുപൂട്ടിയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നിർത്തിയും മോദിജി അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നുവെന്നും ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും മുതിർന്ന ആപ് നേതാവുമായ സത്യേന്ദർ ജെയിനിന് ഡൽഹി കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ കാലതാമസവും നീണ്ട ജയിൽവാസവും ചൂണ്ടിക്കാട്ടിയാണ് ജാമ്യം.
‘എന്താണ് അദ്ദേഹത്തിന്റെ തെറ്റ്? അദ്ദേഹത്തിന്റെ സ്ഥലങ്ങളിൽ നിരവധി റെയ്ഡുകൾ നടത്തി. ഒരു പൈസ പോലും കിട്ടിയില്ല. മൊഹല്ല ക്ലിനിക്കുകൾ അടച്ചുപൂട്ടിയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സനിർത്തിയും മോദിജി അദ്ദേഹത്തെ ജയിലിലടച്ചു - അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
2022ലാണ് കേസിൽ ജെയ്ൻ അറസ്റ്റിലായത്. 50,000 രൂപയുടെ ബോണ്ടിലും തത്തുല്യ തുകയുടെ രണ്ട് ആൾ ജാമ്യത്തിലും റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെയാണ് ജെയ്നിന് ജാമ്യം അനുവദിച്ചത്. വിചാരണയിലെ കാലതാമസവും 18 മാസത്തെ നീണ്ട തടവും വിചാരണ ആരംഭിക്കാൻ ഏറെ സമയമെടുക്കുമെന്ന വസ്തുതയും കണക്കിലെടുത്ത് പ്രതി ഇളവിനു അർഹനാണെന്ന് ജഡ്ജിയെ ഉദ്ധരിച്ച് പി.ടി.ഐ പറഞ്ഞു. ഇദ്ദേഹത്തിന്റെ മോചനത്തോടെ അഴിമതിക്കേസിൽ ജയിലിലായ എ.എ.പി മുൻ മന്ത്രിമാരെല്ലാം ഇപ്പോൾ സ്വതന്ത്രരാണ്.
‘ഞാൻ വീണ്ടും പറയും, സത്യമേവ ജയതേ!’ കോടതിയിൽനിന്ന് പൊലീസ് അകമ്പടിയോടെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജെയ്ൻ പറഞ്ഞു. ബാക്ക് സപ്പോർട്ട് ബെൽറ്റ് ധരിച്ച് വെള്ളിയാഴ്ച രാത്രി 8.15 ഓടെ ജയിലിന് പുറത്തിറങ്ങിയ ജെയ്നിനെ ഡൽഹി മുഖ്യമന്ത്രി ആതിഷി, മനീഷ് സിസോദിയ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജെയ്നുമായി ബന്ധമുള്ള നാല് കമ്പനികൾ വഴി അഴിമതി നടത്തിയെന്ന് ആരോപിച്ച് സി.ബി.ഐയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജയിലിൽ നട്ടെല്ലിന് പരിക്കേൽക്കുകയും 35 കിലോഗ്രാം കുറയുകയും സ്ലീപ് അപ്നിയ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെത്തുടർന്ന് 2023 മെയ് മുതൽ ഈ വർഷം മാർച്ച് വരെ അദ്ദേഹം മെഡിക്കൽ ജാമ്യത്തിലായിരുന്നു.
നേരത്തെ, മദ്യനയ കേസിൽ കെജ്‌രിവാൾ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആപ് എം.പി സഞ്ജയ് സിങ്, പാർട്ടി കമ്യൂണിക്കേഷൻസ് മേധാവി വിജയ് നായർ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. നിലവിൽ, ആപ് എം.എൽ.എ അമാനത്തുള്ള ഖാൻ, തലസ്ഥാനത്തെ വഖഫ് ബോർഡ് നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നേരിട്ട് ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.