ശ്രീനഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നിൽ. സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റെഷിയാണ് ഇവിടെ രണ്ടാമതുള്ളത്. പി.ഡി.പി സ്ഥാനാർഥി മുഹമ്മദ് അമീൻ ദർ ആണ് മൂന്നാമത്.
നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് തരിഗാമി മത്സരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുൽഗാം. 1996 മുതൽ ഇവിടെ നിന്ന് വിജയിച്ചതിന്‍റെ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.
അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2014ൽ പി.ഡി.പിയുടെ നസീർ അഹമ്മദ് ലവായിനെ കടുത്ത മത്സരത്തിനൊടുവിലാണ് തരിഗാമി പരാജയപ്പെടുത്തിയത്. തരിഗാമി 20,574 വോട്ട് നേടിയപ്പോൾ നസീർ അഹമ്മദ് 20,240 വോട്ട് നേടി കടുത്ത മത്സരം കാഴ്ചവെച്ചിരുന്നു.
കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉൾപ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുൻനിരപ്പോരാളിയാണ് 73കാരനായ തരിഗാമി. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കാർ മൂവ്മെന്‍റിന്‍റെ വക്താവാണ്. പ്രത്യേക അധികാരം റദ്ദാക്കിയ സമയത്ത് സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയതും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.