ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹരിയാനയിലെ പഞ്ച്കുലയിലെ പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) മുൻ ജഡ്ജി സുധീർ പാർമറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ട് സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടും.
പി.എം.എൽ.എ പ്രകാരം പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്ര ഏജൻസി സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. പി.എം.എൽ.എയുടെ വിധിനിർണയ അതോറിറ്റി ജനുവരി 18 ന് ഉത്തരവ് സ്ഥിരീകരിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രസ്താവനയിൽ പറഞ്ഞു.
സുധീർ പാർമറിന്റെയും മറ്റുള്ളവരുടെയും കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച വരുമാനത്തിൽനിന്നാണ് സ്വത്തുക്കൾ സമ്പാദിച്ചതെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പഞ്ച്കുളയിലെ പ്രത്യേക കോടതിയിൽ ആഗസ്റ്റിലും ഒക്‌ടോബറിലും ഇ.ഡി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
റിയൽ എസ്റ്റേറ്റ് കമ്പനികളായ ഐ.ആർ.ഇ.ഒ ഗ്രൂപ്പിന്റെയും എം3എം ഗ്രൂപ്പിന്റെയും ഉടമകളിൽനിന്ന് ഏഴ് കോടിയോളം രൂപയുടെ നിയമവിരുദ്ധമായ ആനുകൂല്യങ്ങൾ ജഡ്ജി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇ.ഡി കേസ്.
രോഹിത് സിങ് തോമറിൽനിന്ന് ജഡ്ജിയുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് രേഖകളില്ലാതെ ലോണിന്റെ രൂപത്തിലാണ് ഈ പണം ലഭിച്ചത്.
2023 ഏപ്രിലിലാണ് ഹരിയാന പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോ സുധീർ പാർമർ, അനന്തരവൻ അജയ് പാർമർ, എം3എം ഗ്രൂപ്പിന്റെ പ്രമോട്ടറായ രൂപ് കുമാർ ബൻസാൽ എന്നിവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.