ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി മന്ത്രി സത്യേന്ദർ ജെയിന്റെ കസ്റ്റഡി നീട്ടി. അഞ്ചു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ജൂൺ 13 വരെ കസ്റ്റഡി നീട്ടി നൽകിയത്.
ജെയിനിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളും ഡിജിറ്റൽ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തിയിരുന്നു. അതിനിടെ ജെയിനിന്റെ സ്വത്ത് വകകളും കണ്ടുകെട്ടിയിട്ടുണ്ട്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ജെയിനിനു വേണ്ടി കോടതിയിൽ ഹാജരായത്. ജെയിനിനെതിരെ ഒരു തെളിവും അന്വേഷണ ഏജൻസിയുടെ പക്കലില്ലെന്ന് സിബൽ വാദിച്ചെങ്കിലും തിങ്കളാഴ്ച വരെ ജെയിനിനെ കസ്റ്റഡിയിൽ വെക്കാൻ കോടതി അന്വേഷണ ഏജൻസിക്ക് അനുവാദം നൽകി.
മെയ് 30നാണ് ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ഡൽഹിയിലെ ആപ്പ് സർക്കാറും കേന്ദ്ര സർക്കാറും തമ്മിൽ പുതിയ യുദ്ധത്തിന് വഴിയൊരുക്കിയിരുന്നു. ഇത് കള്ളക്കേസാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചത്.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലാകുന്നത്. 4.81 കോടി മൂല്യമുള്ള സ്വത്ത് വകകൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.