ന്യൂഡൽഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ബുധനാഴ്ച വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. തിങ്കളാഴ്ച ഡൽഹിയിലെ വസതിയിൽ ഇ.ഡി സംഘം പരിശോധനക്കെത്തിയെങ്കിലും ‘മുങ്ങിയ’ സോറൻ ചൊവ്വാഴ്ച റാഞ്ചിയിൽ തിരിച്ചെത്തി ഝാർഖണ്ഡ് മുക്തിമോർച്ച, സഖ്യകക്ഷി എം.എൽ.എമാരുടെ യോഗം വിളിച്ചു. സോറന്റെ ഭാര്യ കൽപനയും യോഗത്തിൽ പങ്കെടുത്തു. എം.എൽ.എമാരോട് തലസ്ഥാനം വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഡൽഹിയിലെ സോറന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 36 ലക്ഷവും ബി.എം.ഡബ്ല്യു കാറും നിർണായക രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. തിങ്കളാഴ്ച രാവിലെ ദക്ഷിണ ഡൽഹിയിലെ ശാന്തിനികേതൻ ബിൽഡിങ്ങിലെ വസതിയിലെത്തിയ ഇ.ഡി സംഘം സോറനെ ചോദ്യംചെയ്യാൻ 13 മണിക്കൂറോളം കാത്തുനിന്നശേഷമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നുവെങ്കിലും സോറൻ ഇ.ഡി സംഘത്തിനുമുന്നിൽ ഹാജരാകാൻ തയാറായില്ല. വിമാനത്താവളത്തിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിരിക്കെ റോഡ് മാർഗം റാഞ്ചിയിൽ തിരിച്ചെത്തിയ അദ്ദേഹം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഔദ്യോഗിക വസതിയിൽ ചോദ്യംചെയ്യലിന് സന്നദ്ധനാണെന്ന് അറിയിച്ചു. അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുള്ളതിനാൽ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും വസതിക്കുസമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 20ന് അന്വേഷണ ഉദ്യോഗസ്ഥർ റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ സോറനെ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം വീണ്ടും സമൻസ് അയച്ചു. 31ന് റാഞ്ചിയിലെ വസതിയിൽ ചോദ്യം ചെയ്യലാകാമെന്ന് അദ്ദേഹം ഇ-മെയിലിൽ മറുപടി നൽകി. 27ന് രാത്രി റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ചു. പിന്നാലെയാണ് ഇ.ഡി സംഘം ഡൽഹിയിലെ വസതിയിലെത്തിയത്.
ഇ.ഡിക്കു മുന്നിൽ ഹാജരാകാതെ സോറൻ ഒളിവിൽപോയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എം.എൽ.എമാരുടെ യോഗത്തിൽ ഭാര്യ കൽപനയും പങ്കെടുത്തതോടെ, അറസ്റ്റിലായാൽ രാജിവെച്ച് ഭാര്യയെ മുഖ്യമന്ത്രിയാക്കാനാണ് സോറന്റെ നീക്കമെന്നും അഭ്യൂഹമുണ്ട്. രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഇ.ഡിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.