ന്യൂഡൽഹി: കള്ളപ്പണം തടയൽ നിയമത്തിൽ (പി.എം.എൽ.എ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം നൽകിയ സുപ്രീംകോടതി വിധിയിൽ പ്രഥമദൃഷ്ട്യാ രണ്ട് പ്രശ്നങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്. വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ച ബെഞ്ച് നാലാഴ്ചക്കകം മറുപടി നൽകാൻ കേന്ദ്രസർക്കാറിന് നോട്ടിസ് അയച്ചു. കാർത്തി ചിദംബരമടക്കം 200ലേറെ ഹരജിക്കാർക്ക് ഇ.ഡിയുടെ തുടർനടപടികളിൽനിന്ന് നാലാഴ്ചത്തെ സംരക്ഷണവും സുപ്രീംകോടതി നൽകി.
എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) പകർപ്പ് പ്രതിക്ക് കൊടുക്കേണ്ടതില്ലെന്നും ഇ.ഡി ഉന്നയിക്കുന്ന കുറ്റാരോപണങ്ങളിൽ നിരപരാധിത്വം സ്വന്തംനിലക്ക് പ്രതി തെളിയിക്കണമെന്നുമുള്ള വ്യവസ്ഥകളാണ് സുപ്രീംകോടതി പ്രഥമദൃഷ്ട്യാ കണ്ട രണ്ട് പ്രശ്നങ്ങൾ.
വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർക്കൊപ്പമിരുന്നാണ് വ്യാഴാഴ്ച തുറന്ന കോടതിയിൽ പുനഃപരിശോധന ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് വിധിയിലെ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചത്.
ഹരജിക്കാർക്കുവേണ്ടി കപിൽ സിബൽ വാദം തുടങ്ങിയപ്പോൾ ഇടപെട്ട ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിശദമായ വാദത്തിന്റെ ആവശ്യമില്ലെന്നും വിധിയിലെ രണ്ട് കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന് പ്രഥമദൃഷ്ട്യാ തങ്ങൾ മൂന്നുപേർക്കും തോന്നുന്നുണ്ടെന്നും പറഞ്ഞു. അതേസമയം, കള്ളപ്പണം തടയണമെന്നതിൽ തങ്ങളുടെ പൂർണ പിന്തുണയുണ്ട്. അത്തരം കുറ്റകൃത്യങ്ങൾ രാജ്യത്തിന് താങ്ങാനാവില്ല. നിയമത്തിന്റെ ലക്ഷ്യം നീതിയുക്തമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. അന്തർദേശീയ വേദികളിൽ ഇന്ത്യ നൽകിയ ഉറപ്പുകളെ തുടർന്നുണ്ടാക്കിയ നിയമമാണിത്. മറ്റു രാജ്യങ്ങളെല്ലാം ഇത് ചെയ്യുന്നുണ്ട്. ഇന്ത്യ ചെയ്തില്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയടക്കം കിട്ടാൻ പ്രയാസമുണ്ടാകുമെന്നും തുഷാർ മേത്ത ബോധിപ്പിച്ചു. ഈ വാദങ്ങൾ തള്ളി പുനഃപരിശോധനയുമായി മുന്നോട്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ കോടതി ചൂണ്ടിക്കാട്ടിയ രണ്ട് വിഷയങ്ങളിൽ മാത്രമായി പുനഃപരിശോധന പരിമിതപ്പെടുത്തണമെന്നായി മേത്ത. എന്നാൽ, വിധി പൂർണമായും പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സിബൽ വാദിച്ചു. ഈ ആവശ്യം കൂടെയുള്ള ജഡ്ജിമാർ അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിധി പുനഃപരിശോധനക്ക് ഉന്നയിക്കുന്ന മറ്റു വിഷയങ്ങൾ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ സിബലിനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഇ.ഡി നടപടികളിൽനിന്ന് കാർത്തി ചിദംബരം അടക്കമുള്ള ഹരജിക്കാർക്ക് ഇടക്കാല സംരക്ഷണം വേണമെന്ന സിബലിന്റെ ആവശ്യവും സുപ്രീംകോടതി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.