ബംഗളൂരു: കാലവർഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിെൻറ ഭാഗമായി ജൂൺ 23 മുതൽ ഒന്നര മാസത്തേക്ക് ഭാരമേറിയ വലിയ ചരക്കു ലോറികൾക്ക് കുടക് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി. ജൂൺ 23 മുതൽ ആഗസ്റ്റ് 16വരെയാണ് വലിയ ട്രക്കുകൾക്ക് കുടക് ജില്ലയിൽ നിരോധനം ഏർപ്പെടുത്തികാണ്ട് ജില്ല ഭരണകൂടം ഉത്തരവിറക്കിയത്.
മഴക്കാലത്തെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും കണക്കിലെടുത്തും റോഡുകളുടെ അവസ്ഥ കണക്കിലെടുത്തുമാണ് മുൻകരുതലായി വലിയ ലോറികൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ ചാരുലത സോമൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം, കേരളത്തിലേക്കുള്ള കുടക് വഴിയുള്ള ചരക്കു നീക്കം ഉൾപ്പെടെ തടസപ്പെട്ടേക്കും. കണ്ണൂരിലേക്ക് ഉൾപ്പെടെ ചരക്ക് ലോറികൾ കുടക് വഴിയാണ് പോകുന്നത്. നിയന്ത്രണത്തെതുടർന്ന് കുടക് ജില്ല ഒഴിവാക്കി മൈസൂരു വഴി പോകേണ്ടാ സാഹചര്യമാണുള്ളത്. ഇതിനാൽ തന്നെ മലബാർ ഭാഗത്തേക്ക് കുടക് വഴിയുള്ള ചരക്കു നീക്കത്തെയായിരിക്കും നിരോധനം പ്രധാനമായും ബാധിക്കുക.
നിശ്ചിത ഭാരത്തിന് മുകളിലുള്ള ചരക്ക് നീക്കത്തിനാണ് നിരോധനം. മരം, മണൽ, മറ്റു ചരക്കുവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടെ 16,200 കിലോയോ അതിന് മുകളിലോ ഭാരവുമായി പോകുന്ന ട്രക്കുകൾക്കും വലിയ ലോറികൾക്കുമാണ് നിരോധനം ബാധകമാകുക. കാർഗോ കണ്ടെയ്നർ ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ തുടങ്ങിയവക്കും നിരോധനമുണ്ടാകും. അതേസമയം, എൽ.പി.ജി, പാൽ, സർക്കാർ പ്രവർത്തികൾക്കായി ഒാടുന്ന ലോറികൾ, സ്കൂൾ-കോളജ് വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം തുടങ്ങിയവക്ക് നിരോധനം ബാധകമാകില്ല.
നിരോധനം സംബന്ധിച്ച് കുടക് അതിർത്തികളിൽ ഉൾപ്പെടെ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചുകൊണ്ട് ദേശീയപാത 275ൽ കുശാൽ നഗറിലൂടെയും സംപജെയിലൂടെയും പോകുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പൊലീസിന് നിർദേശം നൽകി. നിരോധനം നടപ്പാക്കാൻ മൊബൈൽ പട്രോളിങ് സംഘത്തെയും നിയോഗിക്കും. മഴക്കാലത്ത് ഭാരമേറിയ വാഹനങ്ങൾ പോകുന്നത് റോഡുകൾ തകരുകയും വെള്ളമിറങ്ങി മണ്ണിടിച്ചിലുണ്ടാകുന്നുവെന്നുമാണ് ജില്ല ഭരണകൂടത്തിെൻറ വിശദീകരണം. തുടർച്ചയായ മഴ മൂലവും ഭാരമേറിയ വാഹനങ്ങൾ നിരന്തരം പോകുന്നതിനാലും മണ്ണിടിച്ചൽ സാധ്യത കൂടുതലാണ്. വീതി കുറഞ്ഞ റോഡുകളാണ് കുടകിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.