കോഴിക്കോട്: 2013ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം കരുതലോടെ കാണണമെന്ന് കെ.എൻ.എം സംസ്ഥാന ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. അർധ ജുഡീഷ്യൽ പദവിയുള്ള വഖഫ് ബോർഡിന്റെ അധികാരങ്ങൾ കവർന്നെടുത്ത് രാജ്യമൊട്ടുക്കും വ്യാപിച്ചുകിടക്കുന്ന വഖഫ് സ്വത്തുകൾ കൈവശപ്പെടുത്താൻ അവസരംനൽകുന്ന ഏത് ഭേദഗതിയെയും നിയമ പോരാട്ടത്തിലൂടെ എതിർക്കും. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുമ്പോൾ ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കളുമായും പ്രസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തേണ്ടതാണ്. ചർച്ചയില്ലാതെ നിയമ ഭേദഗതി ചെയ്യാനുള്ള കേന്ദ്രനീക്കം ദുരൂഹമാണ്.
പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, എ.പി. അബ്ദുസമദ്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എ. അസ്ഗർ അലി, എം. സ്വലാഹുദ്ദീൻ മദനി, ഡോ. സുൾഫിക്കർ അലി, എം.ടി. അബ്ദു സമദ് സുല്ലമി എന്നിവർ സംസാരിച്ചു.
കൊച്ചി: ഏകപക്ഷീയ നടപടിയിലൂടെ സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരം കവർന്നെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുന്നത് ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്ക് എതിരാണെന്ന് സംസ്ഥാന വഖഫ് ബോർഡ് യോഗം. ഏകപക്ഷീയ നിയമനിർമാണ നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാറിനെ പിന്തിരിപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടാൻ ബോർഡ് പ്രമേയം പാസാക്കി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ അധ്യക്ഷത വഹിച്ചു. മെംബർമാരായ പി. ഉബൈദുല്ല എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, അഡ്വ. എം. ഷറഫുദ്ദീൻ, എം.സി. മായിൻ ഹാജി, പി.വി. സൈനുദ്ദീൻ, റസിയ ഇബ്രാഹിം, കെ.എം. അബ്ദുറഹീം, വി.എം. രഹന, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.