പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരണവുമായി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സിന്ധു പറഞ്ഞു. വിനേഷ് എല്ലാവർക്കും പ്രചോദനമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും സിന്ധു എക്‌സിലൂടെ അറിയിച്ചു.
"പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണില്‍ നിങ്ങളാണ് എപ്പോഴും ചാമ്പ്യന്‍. നിങ്ങള്‍ക്ക് ഉറപ്പായും സ്വര്‍ണമെഡല്‍ നേടാനാവുമെന്ന് ഞാന്‍ വളരെയധികം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മെച്ചപ്പെടുന്നതിനായി എപ്പോഴും പോരാടുന്ന അതിമാനുഷികയായ വനിതയെയാണ് ഞാന്‍ നിങ്ങളില്‍ കണ്ടത്. അത് വളരെ പ്രചോദനകരമാണ്. എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാ നന്മകളും നേരുന്നു',- പി.വി. സിന്ധു എക്സിൽ കുറിച്ചു.
പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന്‍ താരം ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് ഇന്ത്യക്കും താരത്തിനും തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.