ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽനിന്ന് ഭരണഘടനയെ പുറത്താക്കി ‘വിചാരധാര’ കൊണ്ടുവരാൻ നീക്കം നടക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ ആമുഖഭാഗം എൻ.സി.ഇ.ആർ.ടി നീക്കിയെന്നും ഖാർഗെ രാജ്യസഭയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ ബി.ജെ.പി ഗവൺമെന്റ് ഗാന്ധിയുടെയും അംബേദ്കറുടെയും പ്രതിമകളെ പാർലമെന്റ് സമുച്ചയത്തിലെ മൂലയിലേക്ക് മാറ്റാനാണ് മുതിർന്നത്. ഇപ്പോൾ ആർ.എസ്.എസും ബി.ജെ.പിയും വിചാരധാര പാഠപുസ്തകങ്ങളിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ഗാന്ധി, നെഹ്‌റു, അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെക്കുറിച്ചും പൗരൻ അറിയുകയും വരുംതലമുറക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഖാർഗെ പറഞ്ഞു. പാഠപുസ്തകങ്ങളിൽ ഭരണഘടനയെ ഒഴിവാക്കി വരുത്തിയ മാറ്റങ്ങൾ പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഭരണഘടന തിരുത്തിയെഴുതാൻ ശ്രമമെന്ന ആരോപണം ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് പിന്നീട് സംസാരിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഭരണഘടനക്കായി പ്രത്യേക ദിവസം ഏർപ്പെടുത്തിയ സർക്കാറാണ് മോദിയുടേത്. അടിയന്തരാവസ്ഥയിലൂടെയടക്കം ഭരണഘടനയെ അട്ടിമറിച്ചവരാണ് കോൺഗ്രസ്. ആർ.എസ്.എസ് രാജ്യസ്നേഹത്തിൽ ഊന്നിയുള്ള സംഘടനയാണെന്നും നഡ്ഡ പറഞ്ഞു.
പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ച പുസ്തകങ്ങളിൽ ഭരണഘടനാ ഭാഗങ്ങളുണ്ട്. പുറമെ മൗലിക കർത്തവ്യങ്ങളും കടമകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടർന്ന് വിശദീകരണത്തിന് അവസരം വേണമെന്ന് ആവശ്യപ്പെട്ട ഖാർഗെക്ക് സ്പീക്കർ ജഗ്ദീപ് ധൻഖർ അവസരം നിഷേധിച്ചു. ആർ.എസ്.എസിനെ കുറിച്ചടക്കമുള്ള ഖാർഗെയുടെ ചില സംസാര ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് നീക്കുമെന്ന് ജഗ്ദീപ് ധൻഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.