ഇൻഡോർ: ഭാര്യയിൽ നിന്ന് മാറിനിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ യുവാവ് ഒടുവിൽ കുടുങ്ങി. സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരാളുടെ കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുകയും പേരിൽ മാറ്റംവരുത്തുകയുമായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ 26 കാരനാണ് കോവിഡ് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഈ വർഷം ഫെബ്രുവരിയിൽ വിവാഹിതനായിരുന്നു. എന്നാൽ ചില വ്യക്തിപരമായ കാര്യങ്ങൾ കാരണം ഭാര്യയിൽ നിന്ന് മാറിനിൽക്കുന്നതിനായിരുന്നു തിരിമറി നടത്തിയത്.
സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരാളുടെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്തായിരുന്നു തട്ടിപ്പെന്ന് ഛോട്ടി ഗട്ടോലി പോലീസ് സ്റ്റേഷൻ ചുമതലയുള്ള സഞ്ജയ് ഷുൽക്ക പറഞ്ഞു. വാട്‌സ്ആപ്പ് വഴി വ്യാജ റിപ്പോർട്ട് പിതാവിനും ഭാര്യക്കും അയച്ച അദ്ദേഹം വീട്ടിൽ നിന്ന് അപ്രത്യക്ഷനായി. എന്നാൽ രോഗബാധയുടെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. സ്വകാര്യ ലബോറട്ടറിയുമായി ബന്ധപ്പെട്ടപ്പോഴാണ് സത്യം മനസിലായതെന്നും പൊലീസ് പറഞ്ഞു.
ലബോറട്ടറി അധികൃതർ നൽകിയ പരാതിയിൽ വ്യാജരേഖ ചമയ്ക്കുന്നതിനും മറ്റ് കുറ്റങ്ങൾക്കുമായി ഐപിസി വ്യവസ്ഥകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പോലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.