ഭോപാൽ: മധ്യപ്രദേശിലെ പുതിയ വിവാദം കോഴിമുട്ടയെ ചൊല്ലിയാണ്. കാര്യം കേവലമൊരു കോഴിമുട്ടയാണെങ്കിലും അത്ര ലളിതമല്ല കാര്യങ്ങളെന്നാണ് സൂചന. മധ്യപ്രദേശിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വകുപ്പ് ഭരിക്കുന്ന മന്ത്രി ഇമാർതി ദേവിയുടെ പുതിയ നിർദേശമാണ് എല്ലാത്തിെൻറയും തുടക്കം.യെയെ
തെൻറ വകുപ്പിലെ അങ്കൻവാടികൾ വഴി മുട്ട വിതരണം ചെയ്യണമെന്ന ലളിതമായ ആഗ്രഹം മാത്രമാണ് മന്ത്രിക്കുള്ളത്. നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ പോഷകങ്ങൾ കിട്ടണമെന്നതാണ് മന്ത്രിയുടെ ഉന്നം. എന്നാൽ മന്ത്രിയുടെ നിർദേശം നടപ്പാവണമെങ്കിൽ മുഖ്യമന്ത്രി ശിവ്രാജ് ചൗഹാെൻറ അനുവാദം വേണം.
ചൗഹാനാകെട്ട ഒരിക്കലും മുട്ട കഴിച്ചിട്ടില്ലാത്ത ശുദ്ധ വെജിറ്റേറിയൻ. 2015ൽ നല്ല ഭൂരിപക്ഷത്തിൽ ഭരിച്ചുകൊണ്ടിരുന്നപ്പോൾ താനൊരിക്കലും മുട്ടയെ സംസ്ഥാനത്തിെൻറ പടിക്കുള്ളിൽ കയറ്റില്ലെന്ന് ചൗഹാൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. പകരം പാലും പഴവും കൊടുത്താൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രിയുടെ നിർദേശം മുഖ്യമന്ത്രി എങ്ങിനെ കൈാര്യം ചെയ്യുമെന്നറിയാനാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.
മന്ത്രി പഴയ കോൺഗ്രസുകാരി
മുട്ട കൊടുക്കണമെന്ന് പറയുന്ന മന്ത്രി ഇമാർതി ദേവി പഴയ കോൺഗ്രസുകാരിയാണ്. കമൽനാഥ് മന്ത്രിസഭയിലും മന്ത്രിയായി ഇതേ വകുപ്പ് തന്നെയാണ് ദേവി കൈകാര്യം ചെയ്തിരുന്നത്. 2018 മുതൽ 2020വരെ 15 മാസം അധികാരത്തിൽ ഇരുന്ന കാലത്ത്തന്നെ അംഗൻവാടികളിൽ മുട്ടവിതരണം നടത്തണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചിരുന്നു. അംഗൻവാടി കുട്ടികൾക്കും സംസ്ഥാനത്തെ 89 ട്രൈബൽ ബ്ലോക്കുകളിലുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും മുട്ട വിളമ്പാനുള്ള തീരുമാനത്തിന് 2019 നവംബറോടെ ഭരണപരമായ അനുമതിയും ലഭിച്ചിരുന്നു.
എന്നാൽ, ഈ നിർദേശം പകൽ വെളിച്ചം കാണുന്നതിന് മുമ്പ് കോൺഗ്രസ് സർക്കാർ വീണു. 'മുട്ട കഴിക്കാത്തവർക്ക് പകരം മറ്റ് പോഷകാഹാരം നൽകും. ആരേയും മുട്ട കഴിക്കാൻ നിർബന്ധിക്കില്ല' എന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയുടെ നിർദേശത്തെ പ്രതിപക്ഷത്തുണ്ടായിരുന്ന ബിജെപി ശക്തമായി എതിർത്തിരുന്നു. വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ് മന്ത്രി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമെ അവർക്ക് അധികാരത്തിൽ തുടരാൻ സാധ്യമാവുകയുള്ളു.
'ആളുകളുടെ വികാരം പരിഗണിച്ചുവേണം സർക്കാർ പ്രവർത്തിക്കാൻ. മന്ത്രിക്ക് അവരുടെ നിർദേശങ്ങൾ നൽകാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ, അന്തിമ തീരുമാനം എടുക്കുമ്പോൾ സർക്കാർ ജനങ്ങളുടെ വികാരം പരിഗണിക്കുമെന്നാണ് കരുതുന്നത്'-ബിജെപി വക്താവ് ദീപക് വിജയവാർഗിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.