വിദ്യാർഥി ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട ശ്രമം ചെറുക്കും -എം.എസ്‌.എഫ്

ഹൈദരാബാദ്: ഹൈദരാബാദ് ഇഫ്ലുവിൽ സമരം ചെയ്ത വിദ്യാർഥികളെ കേസിൽ കുടുക്കുന്ന യൂനിവേഴ്സിറ്റി നിലപാടിനെ ശക്തമായി നേരിടുമെന്ന് എം.എസ്‌.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. മുസ്‍ലിം സ്റ്റുഡൻസ് ഫെഡറേഷൻ എന്നത് വർഗീയ പശ്ചാത്തലമുള്ള സംഘടനയാണെന്ന് അധികാരികൾ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ പറഞ്ഞത് തീർത്തും വാസ്തവ വിരുദ്ധമാണ്.

തീർത്തും അക്കാദമികപരമായ സാഹിത്യ ചർച്ചയെ വളച്ചൊടിച്ച് മത സ്പർദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അധികാരികൾ നടത്തുന്നതെന്നും എം.എസ്‌.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി. കാമ്പസിൽ നടന്ന ലൈംഗീകാതിക്രമണ കേസിൽ നടപടി വൈകിയതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളെ നിയമപരമായി ഒതുക്കിത്തീർക്കാനും, നിയമന കാലാവധി അവസാനിച്ച വി.സിക്കെതിരെയുള്ള വിദ്യാർഥി വികാരം മറച്ചു പിടിക്കാനുമുള്ള ശ്രമമാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

ഇസ്‌ലാമോഫോബിക്കായ രീതിയിലുള്ള വാർത്താ കുറിപ്പ് അപലപനീയവും നിരാശാജനകവുമാണ്. ആറോളം മലയാളി വിദ്യാർഥികളാണ് ഇപ്പോൾ കേസിലുൾപ്പെട്ടിട്ടുള്ളത്. അവർക്കു വേണ്ട നിയമപരവും രാഷ്ട്രീയ പരവുമായ സഹായങ്ങൾ എം.എസ്‌.എഫ് നൽകുമെന്നും പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്‌.എച് മുഹമ്മദ് അർഷാദ് എന്നിവർ പറഞ്ഞു.

Tags:    
News Summary - MSF EFLU statement against students booked for staging protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.